Tuesday, November 30, 2010

 ശരത്ക്കാലം


ഹൃദയധമിനികളിൽ
നിന്നൊഴുകിയ ഹൃദ്രക്തത്തിൽ
വാക്കുകൾ മുങ്ങിയുണർന്നു
കുലീനത തേടിയ
അക്ഷരലിപികൾ
വാക്കുകൾക്കുള്ളിൽ
പൂവുപോൽ വിരിഞ്ഞു
നിഗൂഢമായ ശബ്ദരഹിതശൂന്യതയിൽ
തേരുരുൾ പായിച്ച കാലം
ശബ്ദഘോഷങ്ങൾക്കൊടുവിൽ
മലയിറങ്ങി താഴ്വാരത്തിലേയ്ക്ക്
നടന്നു...
അവിടെയുമിവിടെയും
അഗ്നിസ്ഫുലിംഗങ്ങൾ
തീർത്ത ശിലാഫലകങ്ങളിൽ
ചരിത്രമുറങ്ങി...
അതിരുകളിൽ
തണുത്തുറഞ്ഞ അഗ്നിപർവതങ്ങളിൽ
അഗ്രഹായനസൂര്യൻ അഗ്നിയൊളിപ്പിച്ചു
മഴമുകിലുകൾ
കടലിന്റെ കല്പിതമൗനത്തിനരികിൽ
കടംകഥയായൊഴുകി
ഭൂമിയുടെ മുദ്രാങ്കിതം പതിഞ്ഞ
എഴുത്തോലയിൽ
ശരത്ക്കാലരാഗങ്ങൾ
കൂടുകൂട്ടി....

No comments:

Post a Comment