ഹൃദ്സ്പന്ദനങ്ങൾ
നീണ്ടുനീണ്ടുപോയ വഴികളിലൂടെ
യാത്രയായി അനിശ്ചിതസ്ഥം
പഞ്ഞിതുണ്ടുപോലെ
പറന്നു നടന്നു വ്യർഥചിന്തകൾ
താമരയിലകളിൽ
മഴതുള്ളികൾ
സ്പർശാവസ്ഥയിലെ
അസ്പർശതയെഴുതി
ഗംഗയുടെ തീരങ്ങളിൽ
ആത്മശാന്തി തേടിയവർ
മൺചിരാതുകളിൽ
വെളിച്ചത്തെയൊഴുക്കിയവർ
ഉൾവെളിച്ചമുണരുന്ന
ദീപങ്ങൾ എണ്ണവറ്റി
കരിന്തിരിയാളുന്നതറിഞ്ഞില്ല
മന്ദാരങ്ങൾ വിടർന്ന
പൂമുഖമുറ്റത്തെ അരളിപൂമരത്തിൽ
ചിത്രശലഭങ്ങൾ കൂടുകൂട്ടി
സസ്യതരുക്കളിലൂറിയ
ചായം നിറഞ്ഞ ചുമർചിത്രങ്ങളിലൂടെ
പലയുഗങ്ങളും നടന്നു നീങ്ങി
അക്ഷരങ്ങളിൽ നിന്നുണർന്നു
കാവ്യാത്മകമായ ഒരു സ്വരം
ആ സ്വരത്തിന്റെ ഉത്ഭവസ്ഥാനം തേടി
ഭൂമിയോടൊപ്പം ഞാനും നടന്നു.....
No comments:
Post a Comment