നിഴൽക്കൂടുകൾ പണിതവർ
ചുറ്റിലും അശാന്തിയുടെ
നിഴലുകൾ കൂടുകൂട്ടിയിരിക്കുന്നു
ആ കൂടുകളില്ലാതിരുന്ന നാളിൽ
ഭൂമിയ്ക്കു ചുറ്റും ദേവവൃക്ഷങ്ങളായിരുന്നു
സുഗന്ധപൂവുകൾ നിറഞ്ഞ
വൃന്ദാവനം...
നിഴൽക്കൂടുകൾ കാലം കൈയേറി...
പണിതുയർത്തിയ മതിലുകളിലെ
വിടവുകളിൽ നിഴലനക്കം..
നിഴലുകൾ യുദ്ധമേലങ്കികളിൽ
കുരുക്ഷേത്രം തേടുന്നു....
ഭൂമിയുടെ പരിചകളിൽ
ആൾക്കൂട്ടത്തിന്റെ ആയുധഭാരം
അശാന്തിയുടെ പടനീക്കങ്ങളിൽ
അത്യപൂർവമായ സന്നാഹങ്ങൾ...
ആനതേർകാലൾപ്പടകൾ നീങ്ങിയ
ചതുരക്കളങ്ങളിൽ
ഒരു പുഴ ദിക്കുതെറ്റിമാഞ്ഞു..
പടയാളികൾ നദീതീരമണലിൽ
തമ്പടിച്ചു കാലം കളയുന്നു
അശാന്തിയുടെ നിഴലുകൾ
കൂടുകെട്ടിപാർക്കുന്നേടത്തുനിന്നും
ഭൂമി ശാന്തി തേടി
പഴയ ഇതിഹാസങ്ങളിലേയ്ക്ക്
ദേവദാരുക്കൾ വിരിയുന്ന
സുമേരുവിലേയ്ക്ക്
യാത്രയാവുന്നു......
നിഴൽക്കൂടുകൾ പണിതവർ
അശാന്തിയുടെ ആദ്യാക്ഷരമെഴുതിയവർ
ലക്ഷ്യബോധമില്ലാതെ
എവിടെയൊക്കയൊ അലഞ്ഞുതിരിയുന്നു
നിഴൽക്കൂടുകളഴിച്ചു മാറ്റി
അവർപോയിരുന്നെങ്കിൽ...
No comments:
Post a Comment