ഹൃദ്സ്പന്ദനങ്ങൾ
ഉറങ്ങിയുണർന്ന
വൃക്ഷശിഖരങ്ങളിൽ
വന്നിരുന്നു പാടിയ
കിളിയുടെ തൂവൽതുമ്പിൽ
മഞ്ഞുതുള്ളികൾ മിന്നിയാടി
വയൽവരമ്പിലൂടെ നടന്ന
ഗ്രാമം നേരിയ മഞ്ഞിന്റെ
ആവരണം മാറ്റി
നെൽപ്പാടങ്ങൾക്കരികിൽ
കിഴക്കേചക്രവാളം തെളിയിച്ച
ചുറ്റുവിളക്കുകൾ കൈയിലേറ്റി.
ഓലത്തുമ്പുകളിൽ ഓലഞ്ഞാലിക്കിളിയുടെ
സ്വകാര്യം
വിരൽതുമ്പിൽ വന്നുരുമ്മുന്ന
പുലർകാലസൗമ്യസ്വരങ്ങൾ..
സന്ധ്യാവർണമാർന്ന
പട്ടുറുമാലുകൾ തുന്നി
ശരത്ക്കാലം...
കടലിനരികിൽ
മനസ്സൊരു പർണശാല തീർത്തു
പാതിയടർന്ന ഒരു നിമിഷം
കൈവിട്ടുപോയ ശംഖായി മാറി കാലം...
പർണശാലയ്ക്കരികിലെ കടൽ
യുഗാന്ത്യത്തിലെ
പ്രളയജലം പോലെയൊഴുകി...
No comments:
Post a Comment