Saturday, November 20, 2010

ഭാഗപത്രം

നൂറ്റാണ്ടുകൾ ഭാഗപത്രമെഴുതിയ
ചരിത്രക്കുറിപ്പുകളിൽ
യുദ്ധഭൂമിയിൽ മാഞ്ഞ സാമ്രാജ്യങ്ങൾ
ചെങ്കോലുകൾ താഴ്ത്തി നിന്നു
വെൺചാമരവും കുടയുമായ്
 പരിചാരകർ  കാവൽനിന്ന
രത്നസിംഹാസനങ്ങൾ
കാഴ്ച്ചവസ്തുക്കളായി മാറി
എവിടെയോ മാഞ്ഞ ഓർമക്കുറിപ്പുപോലെ
മഹാത്മാക്കൾ ആത്മാവു നഷ്ടമായ
പ്രതിമകളായ് പാതവക്കിൽ നിശ്ചലം നിന്നു
വിഷമവൃത്തങ്ങളിൽ വീണുടഞ്ഞ
ദിനരാത്രങ്ങൾ വീണ്ടും വീണ്ടും
ഓർമതെറ്റുകളാവർത്തിച്ചു
പലവഴിയിലൂടെ പിരിഞ്ഞുപോയ
നിമിഷങ്ങൾ തേടി പാതയോരത്ത്
കാലം തപസ്സിരുന്നു.......

No comments:

Post a Comment