ഹൃദ്സ്പന്ദനങ്ങൾ
അഗ്രഹായനം
പടിപ്പുരയിലൂടെ നടന്ന്
അകത്തളത്തിലെ
തണുത്ത മിനുത്ത
കല്ലുപാകിയ
പൂജാമുറിയിലെത്തി
സാളഗ്രാമപൂജചെയ്തു..
ശരറാന്തലുകൾ തെളിഞ്ഞ
ശരത്ക്കാലരാവിൽ
ചുരം കടന്നു വന്ന
വെളിച്ചം നക്ഷത്രങ്ങളായ്
ആകാശം തേടിപോയി
നീർത്തിയിട്ട പുല്പായയിലിരുന്ന്
നിമിഷങ്ങൾ സ്പന്ദനതാളങ്ങളിൽ
രാത്രിയുടെ വിഹലതകളെഴുതി.
അകലെയെവിടെയോ
സമയം തെറ്റിയോടിയ കാലം
കൂരിരുട്ടിനെ ചായക്കൂട്ടിലുരുക്കി
മെഴുകുപോലെ മൃദുവാക്കി
വെങ്കലവിളക്കുകളിൽ നിറച്ചു
തുറന്നിട്ട ചക്രവാളവാതിലിനരികിൽ
സൂര്യൻ മറഞ്ഞ ഒരു ഭൂഖണ്ഡം
സമുദ്രതീരത്തിരുന്നെഴുതി
സ്വർണമുരുക്കുന്ന കനലിന്റെ
കദനം..
എഴുതാനിരുന്ന ഭൂമിയുടെ
വിരൽതുമ്പിൽ വന്നിരുന്നു
ആകാശത്തിലെ ഒരു നക്ഷത്രം....
No comments:
Post a Comment