ശരത്ക്കാലം
ചതുർദിക്കുകളെ തേർചക്രങ്ങളിൽ
ചുറ്റി കാലം ഉഴുതു നീങ്ങിയ മണ്ണിൽ
ഗ്രീഷ്മം നടന്നുനീങ്ങിയ
തീജ്വാലകളിൽ പെയ്ത
മഴവീണുണർന്ന ഭൂമിയിൽ
അരളിപ്പൂമരച്ചുവട്ടിൽ
നിറമാല്യങ്ങൾ കൊരുക്കാൻ
പൂക്കൾ തേടി നടന്നു ഗ്രാമം...
ബ്രാഹ്മമുഹൂർത്തത്തിൽ ശംഖിലെ
ഉണർത്തുപാട്ടിലുണർന്ന മനസ്സിൽ
സുവർണതകിടുകളിലെഴുതിസൂക്ഷിച്ച
ഗായത്രിമന്ത്രം തേടി ഭൂമി
ഗഹനമായ തത്വചിന്തകൾ
മേലങ്കികളിൽ മാറാപ്പായി തൂങ്ങിയാടി..
നിർവചനങ്ങൾ തേടി
എഴുത്തുമഷിയിൽ മുങ്ങിയ
തൂവൽതൂലികൾ കടലോരങ്ങളിൽ
കാവൽ നിന്നു..
കടലുണരുന്നതും, ശ്രുതിയിടുന്നതും
കണ്ടു ഭൂമിയോടൊപ്പം
ഇലയിതളുകളിൽ സ്വർണവർണവുമായ്
നടന്നു ശരത്ക്കാലം......
No comments:
Post a Comment