Wednesday, November 10, 2010

 ഭൂമി

തേയ്മാനം വന്ന ഓർമകളിൽ
പെയ്തുനീങ്ങിയ
തുലാവർഷമഴയോടൊപ്പം
ഇടവേളയിൽ കണ്ട നിഴൽപ്പാടുകളും
മാഞ്ഞു......
പ്രാചീനമായ എഴുത്തുതാളുകളിൽ
കുടിയിരുന്ന സത്യം
നീരൊഴുക്കുകളുടെ
നിലയില്ലാക്കയങ്ങൾ നെയ്ത
വലയങ്ങൾ ഭേദിച്ചു മുന്നോട്ടു നടന്നു
സംവൽസരങ്ങളുടെ ഓർമക്കുറിപ്പിൽ
യാത്രാവിവരണമെഴുതിയ
ശരത്ക്കാലമഴയിലൂടെ
ഭൂമി തേടി
അപൂർണതയിലെ പൂർണത....
ആകാശത്തിൽ നക്ഷത്രങ്ങൾ
മിന്നുന്നതു പോൽ
ജപമാലയിൽ മന്ത്രം പോൽ
ഭൂമിയുടെയരികിൽ തെളിഞ്ഞു
സായന്തനത്തിന്റെ ചുറ്റുവിളക്കുകൾ
നിഴലുകൾ തീർത്ത വലയങ്ങൾക്ക് മേലെ
കടൽത്തീരമണലിൽ
ഒരു കൽമണ്ഡപമുയർന്നു 
ആ കൽമണ്ഡപത്തിൽ
അപൂർവസൃഷ്ടികൾ
തേടി ഭൂമിയോടൊപ്പം ഞാനും നടന്നു......

No comments:

Post a Comment