Saturday, November 27, 2010

 ഭൂമി

ദ്വീപുകളായും
ഉപദ്വീപുകളായും
മഞ്ഞുകടലായും
മഹാസമുദ്രമായും
പലതായി പിരിഞ്ഞ
വഴികളായും ലോകം
ചെറിയ ഭൂപടരേഖയിൽ
നിറയുമ്പോൾ
അകലെ സമുദ്രത്തിനുള്ളിലെ
അത്ഭുതദ്വിപിലേയ്ക്ക്
മനസ്സ് യാത്രചെയ്തു
ഭൂപടരേഖയിലെയതിരുകൾ
തേടിയലഞ്ഞ ഇടവേളയിൽ
ഒരേ മൺപാത്രങ്ങളിൽ
പലരൂപരേഖകളിലുള്ള
ഭൂമിയെ കണ്ടു.
ആകാശത്ത് വിരിയുന്ന
മഴവിൽവർണം പോലെ
പലേ നിറങ്ങളിൽ നീങ്ങി
ആൾരൂപങ്ങൾ...
അതിരുകളിലൊതുങ്ങാത്ത
അത്ഭുതദ്വീപിലെ മനസ്സിൽ
വന്നിരുന്നു ഒരു ചെറിയ ഭൂമി
ലോകഭൂപടം
അതിനൊരു പേരുതേടി നടന്നു.
അതിരുകളിടാനാവാതെ
ആകാശത്തിനരികിൽ
മേഘങ്ങൾ പാറി നടന്നു...
ദ്വീപുകളിലും ഉപദീപുകളിലും
കാലം പ്രപഞ്ചസത്യം തേടി നടന്നു....

No comments:

Post a Comment