ഭൂമി
സംയമനമന്ത്രം മറന്ന സമുദ്രം
നാലുകെട്ടിലെ നിശബ്ദതയിൽ
നിന്നിറങ്ങി നടന്ന ഭൂമി
ദ്വീപുകളും ഉപദ്വീപുകളും
കടലാസുനൗകകളിലൊഴുക്കിയ
മഷിപ്പാടുകൾ മായ്ച്ച ഉൾക്കടൽ
തകർന്നു വീണ ഗോപുരകവാടങ്ങളിൽ
പ്രദർശനവസ്തുവായൊതുങ്ങിയ
ആത്മാർഥത
അതിനരികിൽ വേഷം കെട്ടിയാടുന്ന
പൊയ്മുഖങ്ങൾ..
അസ്തമയത്തിന്റെ
അതിഭാവുകത്വം..
അരങ്ങൊരുങ്ങുന്നു
അരമനകൾക്കരികിൽ
കൊടിതോരണങ്ങളിൽ
തൂങ്ങിയാടുന്ന കീർത്തിമുദ്രകൾ..
ഓട്ടുവിളക്കുകളിൽ എണ്ണപകർന്ന്
ഗ്രാമം വെളിച്ചം തേടി
വൈദ്യതദീപങ്ങൾക്കരികിൽ
ചായക്കൂട്ടുകളുമായിരുന്നു നഗരം
നിമിഷങ്ങളുടെ ചിത്രമെഴുതിയ
ഘടികാരസൂചിയിലൂടെ നടന്നു
കാലം..
മതിലുകളിൽ ചിത്രങ്ങൾ തീർത്തു
നിഴലുകൾ, അപരിചിതത്വം......
എഴുതുന്ന വിരൽതുമ്പിൽ
അക്ഷരങ്ങൾ താണ്ഡവമാടി
രുദ്രാക്ഷങ്ങളടർന്നു
ഉടഞ്ഞ കലശക്കുടങ്ങളിൽ
നിന്നൊഴുകി മറ്റൊരു യുഗം....
No comments:
Post a Comment