Saturday, November 6, 2010

ഹൃദ്സ്പന്ദനങ്ങൾ

ആകാശത്തിനരികിൽ
മനസ്സൊരു കിളിത്തൂവൽതുമ്പിൽ
പറന്നൊഴുകുന്നു
എഴുത്തുമഷിയിൽ മുങ്ങിയ
പേനതുമ്പിൽ തപസ്സിരുന്നു
കാലം...
കാലത്തിന്റെ കല്പിതകഥകളിൽ
നിമേഷകങ്ങൾ മിന്നി
ഭൂമി നക്ഷത്രവിളക്കുകൾ തേടി......
ഇടറിവീണ നിമിഷങ്ങളെ
കോർത്തിണക്കി പണിതുയുർത്തിയ
ചില്ലുകൂടുകളിലുടഞ്ഞു
പ്രതിബിംബങ്ങൾ.....
വൻമതിലുകൾക്കരികിൽ
ഭൂമി സമുദ്രം കൊണ്ടൊരു
കോട്ട പണിതു...
കവാടങ്ങളിൽ മുഴങ്ങി
സമുദ്രസംഗീതം...
കൊടിതോരണങ്ങളുമായി
ആലങ്കാരികഭാഷയിൽ
അനുബന്ധമെഴുതിയ
മുഖാവരണങ്ങളിൽ
സത്യം തേടി നടന്നവർ
അസത്യവചനങ്ങളായ് മാറി
വിരുദ്ധവാദങ്ങളുടെ ഗ്രന്ഥശാലയിൽ
കത്തിയാളിയ അഗ്നിസ്ഫുലിംഗങ്ങളിൽ
ചാരമായ സത്യത്തിനെ കലശങ്ങളിലാക്കി
സമുദ്രത്തിൽ നിമജ്ജനം ചെയ്ത്
ദേശാടകർ യാത്രയായി.....

No comments:

Post a Comment