Monday, February 28, 2011

നിന്നെപ്പോലെയാകാത്തതിൽ

നിന്നെപ്പോലെയാകാത്തതിൽ
ഒരിറ്റുപോലും വ്യസനമില്ലെന്നറിഞ്ഞാലും
നിന്നെപ്പോലെയാകാത്തിതിൽ
ഇത്തിരിയഭിമാനവും തോന്നുന്നുവിപ്പോൾ
അതിലിത്തിരിപോലും സംശയവുമില്ല
നിന്നെപ്പോലയൊരാളെ
അറിയാനിടയായതൊരത്യപൂർവ
മഹാസംഭവം
അഗ്നിപർവതങ്ങളിൽ
നിന്നപോലെയഗ്നിയാളി ചുറ്റിലുമെങ്കിലും
ഇന്നു നീ പലകഥകളുമെഴുതി
നിന്റെ മുഖത്തിനു ചായം പൂശുമ്പോൾ
പറയാതിരിക്കാനാവുന്നില്ല
നിന്റെ പ്രകടനങ്ങളെല്ലാം
കണ്ടിരിക്കുന്നു
അരങ്ങിലോ, വെള്ളിത്തിരയിലോ
ആയിരുന്നുവെങ്കിലതിനൊക്കെയൊരു
പ്രഥമപുരസ്ക്കാരം ലഭിച്ചേനെയെന്നുമറിയാം
പക്ഷെ ജീവിതത്തിലങ്ങനയൊക്കയാടുന്നുവരോട്
അസൂയയില്ല
സഹതാപമുണ്ടെന്നറിഞ്ഞാലും
ഓർമ്മയുടെ ഓലത്തുമ്പിൽ
ഇടയ്ക്കു മിന്നും ചിലേ തുണ്ടുകളടർത്തി
പറയാം
നിന്നെപ്പോലൊരാളെയറിയാനിടയായതിലിന്ന്
വ്യസനമേയില്ല
യഥാർഥ്യത്തിൽ
ബഹുമാനമർഹിക്കുന്നവരാരെന്നും
അർഹിക്കാത്തവരാരെന്നുമറിയാനാകുന്നുവിന്ന്
ആകുലതകളില്ലാതെ...
അതിനു നീയൊരു നിമിത്തമായിയെന്നുമാത്രം....
കടലായ് തീരുന്നുവോയീ ഭൂമി

ചുറ്റിക്കെട്ടിയ ചുറ്റുമതിലിനരികിലെ
ലോകത്തിലെ ഒരാകുലതകളുമിപ്പോൾ
മനസ്സിനെയലട്ടുന്നില്ലയെന്നത്
അതിശമായി തോന്നിതുടങ്ങിയിരിക്കുന്നു
മുഖങ്ങളും മുഖപടങ്ങളും
നൃത്തം ചെയ്യുമരങ്ങിലസ്തമയയും
ശിശിരമഞ്ഞും നെരിപ്പോടുകളിൽ
നനഞ്ഞവിറക് കത്തിയ്ക്കുമ്പോഴും
സ്പർശ്യമായ ഒരസ്പർശതയിലേയ്ക്ക്
കൂടുതേടിയാത്രയാവുന്നുവല്ലോ മനസ്സ്
നിഴൽതുള്ളികൾ നിറഞ്ഞൊഴുകിയ
പഴയകൂടകളും മൂടൽമഞ്ഞിനരികിൽ
മാഞ്ഞുപോകുന്നുവല്ലോ....
ഉഷസായംസന്ധ്യകൾ
നെയ്യുമുടയാടയിൽ മിന്നി
ഋതുക്കളണയുമ്പോൾ
ശംഖിൽ നിന്നൊഴുകും
മാറ്റത്തിൻ മാറ്റൊലി
ഹൃദ്സ്പന്ദനമാക്കുമൊരു
കടലായി തീരുന്നുവോയീ ഭൂമി....

Sunday, February 27, 2011

നേർത്തുനേർത്തുവന്ന പകലിനിടനാഴിയിൽ

നേർത്തുനേർത്തുവന്ന
പകലിനിടനിടനാഴിയിലൂടെ
നടന്നുവന്നരികിലിരുന്നതൊരനുസ്വരം
വിരലനക്കുമ്പോഴതിലുണർന്നതൊരു
ചിലമ്പിൻനാദം
ദൂരെദൂരെയാചക്രവാളത്തിൽ
ത്രിസന്ധ്യയുടെ ഹോമപാത്രത്തിലെരിഞ്ഞ
ധൂപദ്രവ്യങ്ങളിലസ്തമയവുമുണ്ടായിരുന്നു
ഒരു ദിക്കിലാൾക്കൂട്ടം പിരിഞ്ഞ
കടൽത്തീരമണലിൽ
ആകാശനക്ഷത്രങ്ങൾക്ക്
കൂട്ടിരുന്നു ശിശിരം...
അരുളപ്പാടുകളൊഴുകിയ
നക്ഷത്രമാർഗത്തിലനവധികാലമായ്
സൂക്ഷിച്ച മന്ത്രചരടുകളിലൊഴുകീ
മഞ്ഞുതുള്ളികൾ പോലെയനേകമനേകം
സ്വരങ്ങൾ.....
ഒരോസ്വരവുമൊരപൂർവരാഗമെഴുതിയ
ത്രിസന്ധ്യയുടെ രംഗോലിക്കളത്തിനരികിൽ
കടലാസുതുണ്ടുകളെപ്പോലൊഴുകി
ശിശിരകാലമേഘങ്ങൾ
ഉറയാത്തമഷിക്കുപ്പികളിലുണരാനാവാതെ
ഗ്രാമമറവാതിലടച്ചു തഴുതിട്ടുറങ്ങി
ഉറങ്ങിയ ഗ്രാമമിഴികളിൽ
നക്ഷത്രങ്ങളുമുറങ്ങി.....
മുനമ്പിലെ സമുദ്രമങ്ങനെ

മുനമ്പിലെ സമുദ്രമങ്ങനെ
ഒരുൾക്കടലും കടലും
ചേർന്ന മഹാസമന്വയം
അതിനിടിയിൽ ശിരസ്സിലെ
ഭാരച്ചുമടൊഴുക്കും പുഴകളനേകം
അതിനരികിലിരുന്നെഴുതുകയെന്നതൊരു
അസ്വസ്ഥമായ അവസ്ഥാവിശേഷമെങ്കിലും
മനസ്സിലെ ശംഖിൽ നിറഞ്ഞൊഴുകും
സമുദ്രമങ്ങനെ വിരലിൽതുമ്പിലൊരു
വിസ്മയമാവുമ്പോൾ
എഴുതാതിരിക്കുന്നതെങ്ങനെ...
വാതുവച്ചൊരു ചതുരംഗക്കളത്തിൽ
തപസ്സു ചെയ്യുന്നതാരോ
യുഗങ്ങൾ പൊരുതും രണാങ്കണത്തിലൊരു
തമ്പടിച്ചുപാർക്കുന്നതാരോ
മുനമ്പിനരികിൽ വന്നാൾക്കൂട്ടമെയ്യും
അസ്ത്രമെല്ലാം
ദിശതെറ്റിയെങ്ങോ പോകുന്നു
ദിശമറന്നൊഴുകുന്നതെല്ലാമങ്ങനെ
തന്നെയാവും....
മനസ്സിലെ ശംഖിലൊഴുകിയ
കടലെന്നും കിഴക്കെചക്രവാളത്തിലായിരുന്നു
ശരിയായ ദിശയിൽ.....
മുനമ്പിലെ കടലങ്ങനെ
അതിനൊരു മാറ്റവുമില്ലല്ലോ...

Saturday, February 26, 2011

ജാലകവിരിമാറ്റി കാണാമിനി ഭൂവർണങ്ങൾ

ഋതുക്കൾ ചാർത്തും
ചമയങ്ങൾക്കെന്താകർഷീണിയത
സദൃശ്യമായൊരു പ്രകൃതിയിൽ
സമാനമായെതെന്തന്നറിയാൻ
ചായക്കൂട്ടുകളിൽ മുങ്ങുന്നരികിലൊരു ലോകം
പിന്നെ താൽക്കാലികതമ്പുകളിലിരുന്ന്
ഭാഗം പറയുന്നവരോടെന്തുപറയാൻ
മഷിപ്പാടുകളിലുടക്കിവീണ
പലേമുഖങ്ങൾ നടന്നുനീങ്ങുമിടവേളയിൽ
അരുളപ്പാടുകളനേകമുയരുന്നുവല്ലോ
അരികിലൊരിടനാഴിയിൽ
ന്യായവാദങ്ങളുടെ നിഘണ്ടുവിൽ
അന്യായങ്ങളുടെ
അസംസ്കൃതിയെഴുതി നീട്ടുന്നതാരോ?
ഒന്നുമുരിയാടാതെ
മിഴിപൂട്ടിയിരിക്കാനാവുന്നില്ലല്ലോ
നനഞ്ഞ വിറകുപുകയും
നെരിപ്പോടുകൾക്കരികിൽ നിന്നിനിയൊരു
സുഗന്ധധൂപങ്ങൾ പുകയും
സോപാനനടയിലേക്ക് പോകാം
അകിലും ചന്ദനവും പൂക്കും
വാക്കുകളെ തേടാം
വാക്കിനുള്ളിലെത്രയോയക്ഷരങ്ങൾ
അക്ഷരങ്ങളുടെ കൂടയിൽ
നിറയുമമൃതിൽ മുങ്ങാം
ജാലകവിരിമാറ്റി കാണാമിനി
ഭൂവർണങ്ങൾ...
തണൽ വേണ്ടിനിയും

മാഞ്ഞുതുടങ്ങിയിരിക്കുന്നു ശിശിരം
മഞ്ഞുകാലപ്പൂവുകളിറുത്തു
പാതയോരത്തിനരികിൽ
റാന്തൽവിളക്കുമായ്
നീങ്ങുന്നതാരോ???
നടന്നുനടന്നുവെളിച്ചം തേടിയൊടുവിലൊരു
ഗുഹയിൽ ശിലയായി മാറിയ
മൗനമിന്ന് കാലഭേദങ്ങളിൽ
കടംകഥ കോറിയിടുന്നു..
ഭൂവാതിലുകൾ തച്ചുടാഹ്ളാദിച്ച
ശൂന്യലോകവും കടന്ന്.
പൂക്കാലമായരികിൽ
വരുന്നതേതു സർഗം....
ഭൂമിയെകരിമഷിതേച്ചൊടുവിൽ മുഖമാകെ
കരുവാളിവച്ചതുമായ്ക്കാനിത്തിരികൂടി
ചായം തേച്ചഭിനയിക്കുന്നു
അണിയറയ്ക്കുള്ളിലെ ലോകം..
ഋതുക്കൾക്കെന്തിനൊരു തണൽ
തടുത്തു കൂട്ടിയാലാ തണൽകൂടകൾ
ഒരനുവാദവുമില്ലാതെയൊരു
നിഴൽപ്പാടായി മാറും....
അതിനാൽ തണൽ വേണ്ടിനിയും...

Friday, February 25, 2011

കിഴക്കേഗോപുരനട തുറന്നെത്തിയ ഋതു

പാരിജാതപ്പൂക്കൾ വിടർന്ന
കിഴക്കേ മുറ്റത്തിരുന്ന്
തുളസിമണ്ഡപത്തിൽ
മൺവിളക്ക് തെളിയിച്ചുണർന്ന
പുലർകാലത്തിൽ
നടന്നു നീങ്ങിയ നിഴൽപ്പാടിൽ മായാതെ
നേരിയ വിൺപട്ടിൽചുറ്റി
ഭൂമി സൂക്ഷിച്ചു ഒരു ചെറിയ ലോകം
സ്വർണനിറം പൂശിയ
ആ ലോകവാതിലൂടെയുള്ളിലേക്കൊഴുകിവന്നു
ഒരു  സമുദ്രം..
പായ്മരക്കപ്പലുകളിൽ
ലോകയാത്ര ചെയ്തുവന്ന
മനസ്സിന്റെ ദിനാന്ത്യക്കുറിപ്പിലൊഴുകി
മുത്തുചിപ്പികൾ...
പിന്നെയോരോ മുത്തിലും കണ്ടു
പലേ ലോകം...
 പലേ നിറങ്ങൾ...
അതിനിടയിലെവിടെയോ
കിഴക്കേ ഗോപുരനട തുറന്ന്
മഞ്ഞുപുടവ ചാർത്തി
ജപമാലയുമായരികിലെത്തി
ഒരു ഋതു......
അതിനുള്ളിലുമുണ്ടായിരുന്നു
നക്ഷത്രവിളക്കുകളുടെ പ്രകാശം...
ദൂരെദൂരെയൊരു തുരുത്തിൽ

ദൂരെദൂരെയൊരു തുരുത്തിൽ
ഗ്രഹമാർഗങ്ങൾ
തേടിയോടിയ മഷിപ്പാടുകൾക്കിടയിലൂടെ
മഴപെയ്തൊഴുകിയൊരു
ശിശിരസായാഹ്നത്തിനരികിലിരിക്കുമ്പോൾ
മുന്നിൽ പലേ നാളുകളായ്
വാൽക്കണ്ണാടിയിലൂടെ കണ്ട
ചെറിയ ലോകം നക്ഷത്രവിളക്കുകൾ
കെടുത്തിയുറങ്ങുന്നതുകണ്ടു....
ദർഭകളാൽ പവിത്രം കെട്ടിയരികിലിരുന്ന
ഗ്രാമമൊരു ചിമിഴിലൊളിപ്പിച്ച പ്രകാശം
ഓട്ടുവിളക്കിലേയ്ക്ക് പകർന്നുതന്നു.
പുരാവസ്തുശാലയിലെയുലയിൽ 
തീക്കനലിൽ വെങ്കലമുരുക്കിയുണ്ടാക്കിയ
ശില്പങ്ങളിലുറഞ്ഞുകൂടിയ
ജീവൻ തേടിയോടി വലഞ്ഞവർ
ദൈവത്തെ കാണാതെ മടങ്ങി..
പിന്നെയാകാശത്തിനരികിലൊഴുകും
ഭൂവർണം തേടിയൊരു ഋതുവിലൂടെ
നടന്നെത്തിയ ശിശിരം
അപ്രതീക്ഷിതമായ് പെയ്ത
മഴയിൽ മുങ്ങി
ഗ്രാമത്തിനരികിലുറങ്ങാതെയിരുന്നു...
തുരുത്തിൽ ഗ്രഹവീഥികൾ തേടിനടന്ന
മഷിപ്പാടുകളിലൂടെയും ശിശിരമഴ
പെയ്തുകൊണ്ടേയിരുന്നു....

Thursday, February 24, 2011

ശിശിരകാലസന്ധ്യയിൽ

അരികിലിന്നലെയും
കണ്ടുവല്ലോ ഭൂമിയെ
ഒരു ദ്വീപിലുലഞ്ഞു
സമുദ്രതീരങ്ങളിലൂടെ നടന്നു
ചക്രവാളത്തെയുരുമ്മി
ദേശാടനക്കിളികൾ
പാറുമാകാശത്തിലൂടെ
ഇരുവശവുമടർന്ന്
പിന്നെ വിളക്കിക്കൂട്ടിയ
പാടിലിത്തിരി സ്വർണ്ണംകെട്ടിയ
രുദ്രാക്ഷമുത്തെന്ന പോൽ
കാണാപ്പാടിനരികിലുമപ്പുറത്തുമൊരു
നേർരേഖയായ്
മനസ്സിലെ ശംഖിനുള്ളിലേയ്ക്ക്
ശിശിരകാലസന്ധ്യയിൽ
നടന്നു വന്ന ഭൂമിയെ
അരികിലിന്നലെയും കണ്ടുവല്ലോ..
ശിശിരമഴയിലെ തണുപ്പൊഴുകിയ ഗ്രാമം

നടക്കാമിനിയീ ഭൂമിയിൽ
എത്രയോ മനോഹരമായ
കാഴ്ച്ചകളുണ്ടിവിടെ
ഇടയിലോരോ ഋതുവും
പട്ടുപുടവ മാറ്റി വരും...
പല വർണ്ണക്കൂട്ടുകളിൽ
പകൽവെയിലിൽ തുള്ളിയോടിപ്പോകും
പലേ കാഴ്ച്ചകളുമുണ്ടാവുമതിൽ
പിന്നെയെല്ലാമൊരു തിരശ്ശീലമറയിലാവും
എങ്കിലുമരങ്ങൊഴിയാറേയില്ല
ശിശിരമഴയിലെ തണുപ്പൊഴുകിയ
ഗ്രാമത്തിലും, നിണമൊഴുകുമൊരരികിലെ
ഭൂഖണ്ഡത്തിലുമെല്ലാം
ശംഖുകളിൽനിന്ന്
തീർഥമെന്നപോലുണരുന്നതേതു ലോകം..
എഴുതി മോടിപിടിപ്പിക്കാത്തൊരു
പൂമുഖവാതിലിനരികിൽ
മൂടൽമഞ്ഞിനാലൊരു മറയിട്ടിരിക്കുന്ന
ശിശിരമേ പൂക്കൂടകളിൽ
പൂവിനുപകരമിത്തിരി മഞ്ഞു നിറയ്ക്കുക
തീപ്പുകയൽപ്പമൊന്നൊടുങ്ങട്ടെ...
നടക്കാമിനിയീ ഗ്രാമഭൂമിയിൽ
എത്രമനോഹരമാം കാഴ്ച്ചകളുണ്ടിവിടെ...

Wednesday, February 23, 2011

മഞ്ഞുകാലപ്പൂവുകൾ

നിറം ചേർത്തെഴുതിയതും
നിറപ്പകിട്ടില്ലാതെയഴുതിയതും
കണ്ടിരിക്കുന്നു..
കേട്ടിരിക്കുന്നു..
വകവച്ചിരിക്കുന്നു...
ചർക്കകളിൽ കറങ്ങിയോടിയ
പരുത്തിനൂലിൽ തുന്നിയ
ആധുനിക സത്യവും കണ്ടിരിക്കുന്നു
തീർപ്പുകൽപ്പനകളുടെ
ബോധഗയയും, കാശിയുമെല്ലാം
കണ്ടുവന്ന പ്രദിക്ഷണവഴിയിൽ
മഞ്ഞുതൂവി ശിശിരതുമ്പിലൊരൂഞ്ഞാൽ
പണിയും ഭൂമിയിൽ നിൽക്കുമ്പോൾ
കൈവിരലുകളിൽ
മുദ്രകെട്ടിയെഴുതുമക്ഷരങ്ങളിൽ
ചിത്രശലഭങ്ങൾ കൂട്ടായിരിക്കട്ടെ
അതിലെന്തിനൊരു കുറവ്
മുറ്റത്തെയരളിപ്പൂമരങ്ങളിൽ
നിന്നെത്രയോ
ചിത്രശലഭങ്ങൾ ബാല്യച്ചിറകിലേറി
പറന്നു പോയിരിക്കുന്നു...
നിറം ചേർത്തും
നിറപ്പകിട്ടില്ലാതെയുമെഴുതി
നിറയ്ക്കുമൗദാര്യക്കൂടകളെ
ഭൂമി ശ്രദ്ധിക്കുന്നേയില്ലയിപ്പോൾ
ഭൂമിയുടെ പൂക്കൂടയിൽ
ശിശിരം നിറച്ചുവല്ലോ
മഞ്ഞുകാലപ്പൂവുകൾ ......
ജാലകവാതിലിനരികിലെ കാഴ്ച്ചകൾ

നടക്കല്ലുകളേറി മുകളിലിരുന്നാൽ
നടന്നുകയറിവരുമൊരു നിഴൽ
പിന്നെയേതെങ്കിലും
കടൽത്തീരമണലിലിരിക്കാമെന്ന്
വച്ചാലവിടെ തിരയേറ്റമാവും
പിന്നെയീ ശിശിരമുറയും
ജാലകവാതിലിനരികിൽ
നിന്നാൽ കാണുന്നതോ
നിരത്തിൽ
പുകതുപ്പിയോടുമൊരാവലാതികൾ..
തിരക്കില്ലാതെയിരിക്കും
നേരമൊന്നാലോചിക്കാമെന്ന്
കരുതിയാലോ
അതിനനുബന്ധമെഴുതിനീങ്ങുമാ
മഷിതുള്ളികൾ..
കുറെയേറ നാളായല്ലോ
എഴുതിമുക്കിയിട്ടതൊന്നുമുണങ്ങിയില്ലേ
ഇസ്തിരിയിടാനിനിയേതൊരോർമ്മ?
പുകഞ്ഞുകത്തിയ വസ്ത്രം പോലെ
ഓട്ടവീണ കടലാസുതുണ്ടുകളിൽ
കുറെ നിമിഷങ്ങളെ പശ തേച്ചൊട്ടിക്കാം
പിന്നെയാമഷിച്ചെപ്പുകളിൽ
മയങ്ങുമാരവങ്ങളെ കാറ്റിൽ പറത്തിയേക്കാം
കെട്ടുപൊട്ടിയ പട്ടങ്ങൾ പോലെയവയൊഴുകട്ടെ
ശിശിരകാലമേഘങ്ങൾക്കരികിൽ...

Tuesday, February 22, 2011

കവിതപോലൊഴുകും ഗ്രാമം

സമാന്തരങ്ങളിലൊരു
കവിതപോലൊഴുകും ഗ്രാമമേ!
കറുകപ്പുല്ലുകളാലംകൃതമാമരയാൽത്തറയിൽ
തൊടുകുറിയിട്ടരികിലല്പനേരമിരിക്കാമിനി..
നഗരവാതിലിനരികിലെ ലോകം
രാജവീഥിയിലൂടെ
ശോകം പൂത്തതിലുയിർക്കൊണ്ട
വിപ്ളവഗീതത്തിന്നീരടികൾ പാടിയൊഴുകുന്നു
പിന്നെയതിൽ നീറ്റിയ തീക്കനലിൽ
നിന്നാളുമഗ്നിയിലൊടുങ്ങിയൊടുവിലൊരു
ശിശിരമായുറയുമൊരു യുഗത്തിനരികിൽ
മന്ത്രം ചൊല്ലിയിടക്കയിലൊരു
ശ്രുതിതേടിയുണരും
സമാന്തരരേഖയിലെ ഗ്രാമമേ
ചെരിയുന്ന ലോകഗോപുരങ്ങളിലെ
കാഴ്ച്ചകൾ കണ്ടു മതിയായില്ലേയിനിയും
അസ്വസ്ഥാമാം ഹൃദ്സ്പന്ദനതാളമായതിലൊഴുകാതെ
ഉൾക്കടലിലേയ്ക്ക് വഞ്ചിതുഴഞ്ഞു പോകാം
അവിടെയൊരു തുരുത്തിലിരുന്ന്
നക്ഷത്രമിഴിയിൽ പൂക്കുമൊരു
സ്വപ്നമാവാം..
മഞ്ഞിനരികിലെന്തിനൊരു നിഴൽക്കൂട്

പൂന്തോട്ടത്തിൽ
ഭൂമി നട്ടുവളർത്തിയ പൂച്ചെടികളിൽ
വിടർന്നത് വാക്കുകളായിരുന്നുവല്ലോ
അതിനതിരുമുണ്ടായിരുന്നു
അകക്കാമ്പിൽ തേനുമുണ്ടായിരുന്നു
അയൽമതിലുകളിലേയ്ക്കവ
പടർന്നതേയില്ലല്ലോ
മതിലുകളടർത്തിയകത്തേക്ക്
വന്നതാ നിഴൽപൂക്കളുടെ തണൽവൃക്ഷം
എന്നിട്ടും പതിയിരിന്ന്
പഴി ചാരുന്നുവോ
തണലെന്നുറക്കെപറഞ്ഞ്
കുറെ നിഴലെയ്തെങ്ങോട്ടോ പോയി
നിഴലുകളെ തൂത്തുതൂത്തു
കൈവിരലുകളിലിപ്പോൾ
പരുക്കൻ തഴമ്പുകൾ
പൂന്തോട്ടങ്ങളിലിനിയും പൂച്ചെടികൾ നിറയ്ക്കണം
ഇടിഞ്ഞുപൊളിഞ്ഞ മതിലുകൾ
പുതുക്കിപ്പണിയണം
ഒരു പാടു ജോലി ബാക്കിയുണ്ടല്ലോ
പഴി ചാരുന്ന പണിയെങ്കിലുമൊന്ന്
നിർത്തിക്കൂടെ...
നിരത്തിൽ ശിശിരം മഞ്ഞുതൂവുന്നു
മഞ്ഞിനരികിലുമെന്തിനൊരു
നിഴൽക്കൂട്....
ശിശിരമഴയിലെ ഭൂമി

മഞ്ഞുകാലപ്പൂവുകൾക്കരികിൽ
കുരുക്കിക്കെട്ടിയ
പേടകത്തിലെന്തുതിരയുന്നു
ശരത്ക്കാലവർണമോ
സന്ധ്യാവിളക്കുകളോ
നിറം മങ്ങിയ
പഴയ ഓർമ്മകളോ??
നിലയില്ലാക്കയത്തിൽ നിന്നും ഭൂമി
കരയേറിയിരിക്കുന്നുവെന്നറിയിക്കുന്നു
അതത്ര സുഖകരമായി തോന്നുന്നില്ലയല്ലേ
അതിനാലാണല്ലോ
ആയിരം മുഖവുമായിന്നുമലയുന്നത്
പിന്നെയിന്നലെ പെയ്തിറങ്ങിയ
ശിശിരമഴയിലൊരു
സ്വപ്നം ചിറകു നീർത്തിയുണർന്നു
അതിലമൃതവർഷിണിയുമുണർന്നു
ഹൃദ്സ്പന്ദനം പോലെ...
മൃദുവായ സ്പർശം പോലെ..
മഞ്ഞുകാലപ്പൂവുകൾക്കരികിൽ
മഴതുള്ളികൾക്കരികിൽ
വിരലിൽ വന്നുരുമ്മുന്നു വാക്കുകൾ
എത്ര മനോഹരമീ
ശിശിരമഴയിലെ ഭൂമി......

Monday, February 21, 2011

മുത്തുകൾപോലെ തിരിയുന്ന ഗ്രഹങ്ങൾക്കരികിൽ

വലയങ്ങളിൽ
തിരോധാനം ചെയ്തതൊരു
യുഗമായിരുന്നുവോ
ഇമയനക്കും നേരമോടിപ്പോയ
ബ്രഹ്മവൽസരങ്ങൾ പോൽ
യുഗാന്ത്യപ്രളയത്തിനൊടുവിൽ
മിനുസപ്പെടുത്താനാവാത്ത
പരുക്കൻ യാഥാർഥ്യങ്ങളിൽ
മഞ്ഞുതൂവിയ ശിശിരവുമുറഞ്ഞു
തീർന്നിരിക്കുന്നു..
ഇനിയുമുറയാത്തതൊന്നുമാത്രം
നിലാവിന്റെ പേടകങ്ങളിലൊളിപാർക്കുന്ന
മിഴികൾ...
അതുറയാത്തന്തെന്തേ??
ദക്ഷിണധ്രുവത്തിലേയ്ക്കുള്ള
പാതയ്ക്കിരുവശവും വളർന്നുയർന്ന
മുൾവാകകളിലുടക്കിയ നിമിഷങ്ങൾ
പാളം തെറ്റിയ സ്വപ്നച്ചിറകിൽ തൂങ്ങിയൊരു
കായൽക്കരയിലിരുന്നെഴുതുന്നു...
സ്വപ്നയാഥാർഥ്യങ്ങളുടെ
ദൂരമളന്നളന്നെഴുതാനാവാതെ
ഇടുങ്ങിയൊരിടനാഴിയിലൂടെ
മറ്റൊരു യുഗമോടിപ്പോയി
ചരടിൽ കോർത്ത മുത്തുകൾപോലെ
തിരിയുന്ന ഗ്രഹങ്ങൾക്കരികിൽ
ആകാശഗംഗതേടിയൊഴുകിയ
പേടകങ്ങളിൽതട്ടിയുടഞ്ഞ
സത്യവുമൊരോർമ്മയായി മായുന്നുവോ...
പ്രാചീനതയുടെ കോട്ടമതിലിലും
സന്ധാവിളക്കിനരികിലും
മഞ്ഞു തൂവുന്നു ശിശിരം
ചുറ്റിലെ വലയങ്ങളുമുറയാൻ
തുടങ്ങിയിരിക്കുന്നു...

ശിശിരമഴ പെയ്ത സന്ധ്യയിൽ

ഒരേ വഴിയിൽ
പലേ ശാഖകളുമായിനിന്ന
വടവൃക്ഷച്ചോട്ടിലിരുന്ന്
നിറം കോരിയൊഴുക്കിയെഴുതിയ
തുണ്ടുകടലാസുകൾ ചേർന്ന
കളിവള്ളത്തിലൊഴുകി നീങ്ങുന്നത്
കഥയോ ജീവിതമോ?
അതെന്തങ്കിലുമാവട്ടെ
അതിനുള്ളിൽ
അതിനുള്ളിലാരുടെയോ
ദൃഷ്ടി വീണിരിക്കാം
ചക്രങ്ങളിൽ തിരിഞ്ഞുതിരിഞ്ഞുണ്ടായ
മൺകുടങ്ങളുടയും പോൽ
എത്രയോ വേഗമുടയുന്നു
ഗോപുരങ്ങൾ...
എത്രയോ വേഗമുടയുന്നു
സ്വപ്നങ്ങൾ...
ഇരുകൈയിലുമൊതുങ്ങാനാവാതെ
മുന്നിൽ വളരുന്നതന്തേ?
വിരിലൽ കൂടുകെട്ടിയ
വാക്കുകൾക്കിടയിലൂറി
നറും വെണ്ണ
ശിശിരത്തണുപ്പിൽ
അതവിടെയുറഞ്ഞു പോയല്ലോ
ശിശിരമഴ പെയ്ത സന്ധ്യയും
കടന്നു നടക്കുമ്പോൾ
പിന്നിൽ കൃഷ്ണപക്ഷം പൂത്തിരുന്നു
നിശബ്ദതയുടെ നിഴലനക്കത്തിനരികിൽ
തണുപ്പകറ്റാൻ കനൽ തേടിയ
ശിശിരത്തിനരികിൽ
പലേവഴിയിലായി പടർന്നു വിധി..
വടവൃക്ഷശിഖരങ്ങൾ പോലെ...

Sunday, February 20, 2011

നിമിഷങ്ങൾ തിരക്കിട്ടോടിയ പ്രഭാതത്തിൽ

നിമിഷങ്ങൾ തിരക്കിട്ടോടിയ
പ്രഭാതവും കടന്ന്
ദിനാന്ത്യങ്ങൾ തേച്ചുമിനുക്കിയ
പടിപ്പുരവാതിലിരുന്ന്
സായാഹ്നവെയിൽതുമ്പിലൂർന്നിറങ്ങിയ
സ്വർണതുണ്ടുകളെ
ഗ്രാമം സന്ധ്യാവിളക്കിലാക്കുമ്പോൾ
അരികിലെ ലോകമൊരപരിചിത
സഞ്ചാരിയെപ്പോൽ
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
നടന്നുനീങ്ങുന്നത് കണ്ടു.
അതിനിടയിലെവിടെയോ
സന്ധ്യ നേദിച്ച നൈവേദ്യം നുകർന്ന്
താമരപ്പൂക്കളിലുറങ്ങി ശിശിരം...
നിമിഷങ്ങളുടെ പൂക്കൂടയിൽ
മറന്നുവച്ചോരുപപാഠപുസ്തകത്തിനിടയിൽ
ഒരു നക്ഷത്രസ്വപ്നമുറങ്ങി..
ഉറങ്ങിയുണർന്ന ഭൂമിയ്ക്കായ്
കുടമുല്ലപ്പൂവുകൾ
സുഗന്ധലേപനപ്പാത്രവുമായ് വന്നനേരം
വിരലുകൾക്കുള്ളിൽ ലോകം
ഒരു ഋതുവായി മാറി...
പിന്നെയതേ ലോകം
തേച്ചുമിനുക്കിയ ഓട്ടുവിളക്കിനരികിൽ
അഗ്നിയുടെ മൃദുഭാവമുൾക്കൊണ്ട്
നിറഞ്ഞു കത്തി...
വീണ്ടും പടിപ്പുരവാതിനരികിലൂടെ
നിമിഷങ്ങൾ തിരക്കിട്ടോടിയ
പ്രഭാതത്തിൽ നടുമുറ്റത്ത് വിടർന്ന
ശിശിരകാലപ്പൂവുകളെ
പൂക്കൂടയിലേറ്റി നടന്നു ഭൂമി...
നാലുകെട്ടിനൊരു സ്വപ്നമിഴിയായിരുന്നു

നാലുകെട്ടിനൊരു സ്വപ്നമിഴിയായിരുന്നു
തടിതൂണുകളിലും ഇടനാഴിയിലും
അറപ്പുരയിലുമെല്ലാമാ
സ്വപ്നമൊരു കാവ്യഭാവത്തിൽ
മൃദുവായ പദപദനത്തിലരികിൽ
വന്നിരുന്ന് മഴതുള്ളിവീഴും പോൽ
നൃത്തച്ചോടു വച്ചൊരു സന്ധ്യാവിളക്കിലെ
പ്രകാശമായ് മാറുന്നതെത്രയോ നാൾ
കണ്ടിരിക്കുന്നു....
ഒരു മഴക്കാലനാളിൽ
നാലുകെട്ടിടറി വീണു..
തടിതൂണുകളുടെയിടയിൽ
വീർപ്പുമുട്ടിയ സ്വപ്നമിടനാഴിയും
കടന്ന് തൂവൽച്ചിറകൊതുക്കിയൊരു
ചെമ്പകവൃക്ഷശിഖരത്തിൽ
കൂടുകെട്ടി....
പിന്നെയെവിടെയോ യാത്രപോയിവന്ന
ഗ്രാമത്തിൽ തടിത്തൂണുകളിൽ
പുതിയ നാലുകെട്ടാരും പണിതേയില്ല
മണ്ണും മണലും ചേർത്തൊരുക്കിയ
കൂടാരങ്ങളിൽ കൂടുകൂട്ടാനാവാതെ
സ്വപ്നങ്ങൾ വിരൽതുമ്പിലുറങ്ങിയപ്പോൾ
കനൽച്ചൂളയിൽ കത്തിയ മണ്ണിഷ്ടികളിൽ
പുതിയ ലോകമുയർന്നുവന്നു...
 പണിപ്പുരകൾ

ഭൂമിയെ തേടിയോ
വിരൽതുമ്പിൽ വന്നുലയും
വാക്കുതേടിയോ,
അതോയിനി മനസ്സിന്റെ
ഇത്തിരി വക്കു പൊട്ടിയ
പൂപ്പാത്രം തേടിയോ
നിന്റെയീ നിരന്തരധ്യാനം
മൻഷ്യന്റെ മനസ്സുകാണാനെത്ര
പണിപ്പാടല്ലേ
പലേ മൂടികളിൽ ചെപ്പുകളിൽ
ഒന്നുതുറക്കുമ്പോൾ മറ്റൊന്ന്
അതിനരികിൽ വേറൊന്ന്
എത്രയോ നാൾ പണിപ്പെട്ടുവല്ലേ
പണിപ്പുരകളിൽ...
അങ്ങനെയങ്ങനെ
ദിനരാത്രങ്ങൾ നീങ്ങുമ്പോൾ
ഒരു ചിതക്കൂടൊരുങ്ങിയിട്ടുണ്ടാവുമരികിൽ...
ഒളിയമ്പെയ്തും,
ഒളിപാർത്തും, പിന്നിൽ നിന്നും
പിന്നെ നേരെ നോക്കിയിട്ടുമറിയാനായില്ലയല്ലേ..
എന്നു സമ്മതിയ്ക്കേണ്ടതില്ല
തോറ്റുവെന്ന് പറയുന്നതൊക്ക
വളരെ മോശപ്പെട്ട കാര്യമല്ലേ
മറ്റൊരു പണിപ്പുരയിൽ
എല്ലാം കണ്ടുകൊണ്ടിരിക്കുന്ന
ദൈവമിഴിയോട്
പടവെട്ടുന്നതെന്തിനെന്ന്
ഒരിയ്ക്കൽ കൂടി ചോദിക്കേണ്ടതില്ലല്ലോ
ആ മിഴികളങ്ങനെ കണ്ടുകണ്ടെല്ലാമൊരു
തീർപ്പുപത്രത്തിലെഴുതി സൂക്ഷിക്കും
തുലാസിലിട്ടളക്കും
എന്നിട്ടു ചോദിച്ചേയ്ക്കാം
നീന്റെ തുലാസേത്
മുഖം കുനിയ്ക്കേണ്ട..
മൂടുപടമിടേണ്ട..
എനിയ്ക്കറിയാത്തതുപോലും
ആ മിഴികൾക്കറിയാമെന്ന്
ഒരിക്കൽ കൂടി പറയണമോ???

Saturday, February 19, 2011

ജപമാലയിലെന്നപോൽ

ഒരോ പുസ്തകത്താളിലും
നിറയുമക്ഷരങ്ങളുണർത്തും
ഒരു താളലയം...
ചിലേതിടയിലപശ്രുതിയിലിടറും
മറ്റുചിലതിനൊരക്ഷരകാലം തെറ്റും
തൂത്തും തുടച്ചും വൃത്തിയാക്കിയും
അടുക്കിയൊതുക്കിയൊരു
കൽമണ്ഡപത്തിലൊരുക്കുമ്പോൾ
അതിലൊരു ഭൂവർണമുണരും
നനുത്തുകുളിർന്ന മണ്ണിന്റെ
സുഗന്ധവും, സന്ധ്യാവിളക്കിന്റെ
പ്രകാശവുമതിലൊഴുകും....
കാണാതായതെന്തോ തേടി
നിമിഷങ്ങൾ ചുറ്റിയോടിയ
വൃത്തചക്രത്തിനരികിൽ
പദ്മമിട്ടിരുന്ന് ജപിച്ച യുഗങ്ങൾ
ഭദ്രമായ് പേടകങ്ങളിലാക്കി
സൂക്ഷിച്ച സ്മൃതിപത്രികകളിൽ
നിന്നിന്നുമൊഴുകുന്നുവല്ലോ
അമൃതകണങ്ങൾ.....
നീർത്തിയിട്ട പ്രപഞ്ചപരവതാനിയിലിരുന്ന്
ധ്യാനിക്കുന്നതാരോ?
ജപമാലയിലെന്നപോൽ
മുത്തുകൾ പോൽ
ചുറ്റുമൊഴുകുന്നുവോ നക്ഷത്രലോകം....
അറിയാതെ ചോദിച്ചുപോകുന്നു

എന്തിനാണിങ്ങനെയെന്നൊക്ക
ചോദിച്ചു ചോദിച്ചു തന്നെ മടുപ്പായിരിക്കുന്നു
തുള്ളിതുളുമ്പുന്ന ഉപദേശങ്ങളുടെ
ഉപനിഷോപാഖ്യാനങ്ങളുമായ്
അരികിലെന്തിനേ കാവലിരിക്കുന്നു
പോകാനായ് ഭൂമിയോടെത്രയോവട്ടമിവർ
ആജ്ഞാപിച്ചിരിക്കുന്നു
അവരൊട്ടു പോകുന്നുമില്ല
ഇടയിലൊരായിരം വിടവുണ്ടാക്കി
പിന്നെയു തൂവും ഉപദേശപർവം
കാതിന്റെ രണ്ടറയും അടഞ്ഞിരിക്കുന്നു
കേട്ട് കേട്ട് മടുപ്പായിരിക്കുന്നു
ഇനിയേതുകാലത്തൊരവസാനം
നിറം ചേർത്ത രാജചിഹ്നങ്ങളിൽ
തുന്നിച്ചേർക്കുന്ന മിന്നുന്ന മുത്തിലൊന്നും
ഭ്രമമേയില്ലല്ലോയീഭൂമിയ്ക്ക്
എന്നിട്ടുമെന്തേയിങ്ങനെ
എന്നിട്ടുമാർക്കു വേണ്ടിയാണാവോ
മുകിൽതുണ്ടുകളിലിങ്ങനെയെഴുതിയിടുന്നത്
അതിരുകളങ്ങടച്ചുപൂട്ടിചിന്തേരിട്ടങ്ങ്
പോകാത്തതെയെന്തേയിവർ
അറിയാഞ്ഞിട്ട് ചോദിച്ചുപോകുന്നു
ഏത് ഋണബാധ്യതയാണോ
ബാക്കിപത്രത്തിലിനിയുള്ളത്???
 അതിലാശ്ചര്യമേയില്ലയിപ്പോൾ

പലപ്പോഴും അതങ്ങനെ
ഒരേ നിയമം പലതായി
വിഭജിക്കപ്പെടും
പലർക്കുമായി
പലരൂപത്തിൽ, രൂപഭാവത്തിൽ
എന്തു ചെയ്താലും
ചിലരെയത് സ്പർശിക്കാറേയില്ല
എന്നാൽ മറ്റുചിലർക്കായ്
വിധിന്യായക്കോടതിപണിതാനിയമം
തന്നെയെഴുതി നീട്ടും
കേൾക്ക്, കേൾക്കെന്നുച്ചത്തിൽ
മുറവിളികൂട്ടിക്കൊണ്ട്
വരുമ്പോളൊരു തടുപ്പെടുത്ത്
തൂത്തുകൂട്ടിയെറിയാൻ തോന്നും
അല്ലെങ്കിലെന്തേയിങ്ങനെ
അഴികളിൽ ചുറ്റിക്കെട്ടാൻ
പുതുക്കിയ താഴിൽ തൂങ്ങുന്നതാരുടെ
കൈമുദ്ര...
ന്യായാധിപന്മാരെ
മുദ്രപതിപ്പിക്കുന്ന കൈകൾ
വിറകൊള്ളുന്നുവോ
അറിഞ്ഞുകൊള്ളുക
അതിലാശ്ചര്യമേയില്ലയിപ്പോൾ..
അഴിമുഖങ്ങളിലൂടെ നടന്നെത്രയോ
ദൂരമെത്തിയിരിക്കുന്നു
കാറും കോളും നിറഞ്ഞ
കടലല്ലേയിത്...



Friday, February 18, 2011

 ഓർമ്മകളങ്ങനെയായിരുന്നുവോ???
 
സ്കൂൾമുറ്റത്തോടിക്കളിച്ച് 
ചിക്കുമരത്തണലിൽ മുങ്ങിയുണർന്ന
ഓർമ്മകളങ്ങനെയായിരുന്നുവോ??
അല്ലെന്നു പറയുന്നു
നിഴൽപ്പാടു വീഴാത്ത
മനസ്സുരൂപപ്പെടുത്തിയ മുദ്രാങ്കിതങ്ങൾ
കളിമൺപ്രതിമയുണ്ടാക്കിയതിനെനിക്കും
കിട്ടിയന്നൊരു കീർത്തിമുദ്ര
പാടവരമ്പിൽ നിന്നെടുത്ത മണ്ണിൽ
മെനഞ്ഞയായോർമ്മക്കൂട്ടിന്നും
ഭദ്രമായൊരു ചെപ്പിലുണ്ട്
സ്വർണവർണമാർന്ന ചട്ടക്കൂടിലെഴുതിയ 
സ്കൂൾമുറ്റത്തെയോർമ്മചിത്രങ്ങളിലൊഴുകിയത്
അത്യപൂർമായ കടൽചിപ്പികളും, മുത്തുകളുമായിരുന്നല്ലോ
ജനമിരമ്പുന്ന പേൾ സ്ക്വയറിൽ
പലതുമില്ല്ലാതാവുന്ന പോൽ
പലകാലങ്ങളിലും നെല്ലിമരച്ചോട്ടിൽ
പലേയോർമ്മകളും
മധുരവും കയ്പുമായൊഴുകി മായുമെങ്കിലും
സ്കൂൾമുറ്റത്തെയോർമ്മകളുടെ
കൂടയിലിങ്ങനെയൊരപസ്വരമുണ്ടായിരുന്നില്ലല്ലോ
രസതന്ത്രപരീക്ഷണശാലയിലെ
അസ്ഥിപഞ്ജരമിത്തിരി ഭയമേകിയെങ്കിലും
അതിനരികിലൂടെ നടന്നടുത്തനിലയിലെ
ഗ്രന്ഥശാലയിൽ പുസ്ത്കങ്ങൾക്ക്
കൂട്ടിരുന്ന നാളിലും
അവിടെയൊക്ക പാറിനടന്നത്
വർണ്ണതൂവലുകളായിരുന്നല്ലോ
പിന്നെയവിടെ നിന്നാണോവോ
ഇങ്ങനെയൊരോർമ്മ?
സ്കൂൾമുറ്റത്തെന്നുമുയർന്നത്
ദേശീയഗാനവും
ജപമാലയിലൊഴുകിയ
പ്രാർഥനാഗീതവുമായിരുന്നല്ലോ
അത് മറന്നതാരാണാവോ???
ശിശിരവുമെഴുതിയേക്കാം

പറന്നുയരുന്നുവല്ലോ ചുറ്റിലും
ഹോമപാത്രത്തിൽ
നിന്നെന്നപോലഗ്നികണങ്ങൾ....
മനാമയിലെ എതിരതിരുകളിൽ
ഹരിതമകുടങ്ങളുടെ ചുറ്റതിരുകളിൽ
എവിടെയൊക്കൊയോ
ഇരുമ്പുരുക്കിൽ തീർത്ത മതിലും 
ഭേദിച്ചൊഴുകുന്നു
അടക്കിയൊതുക്കിവിലങ്ങിട്ട
ആകുലതകൾ..
ശിശിരകാലചില്ലയിൽ കത്തിപ്പടർന്നാളി
നെരിപ്പോടിൽ പുകഞ്ഞയൽരാജ്യങ്ങളുടെ
ഹോമപ്പുരതേടിയൊടുവിൽ
തകർന്നടിഞ്ഞ ചില്ലുകൂടാരങ്ങളുടെ
അവശിഷ്ടങ്ങളുമായ്
ഒരു യുഗം നടന്നു നീങ്ങും...
കാലമോരോ യുഗത്തിനുവേണ്ടിയും
മനോഹരമായ
ചരിത്രസ്മാരകങ്ങൾ പണിതുയർത്തും..
അരികിലൊരു ശംഖിൽ
 ചുരുങ്ങിയതെന്തേ
ഹോമപ്പുരപ്പണിയുന്ന ലോകമോ
സാക്ഷിപത്രം തീർക്കുന്ന
വിൺതാരകങ്ങളോ??
നിരത്തും കടന്നെത്തുമുറഞ്ഞ
ശിശിരവുമെഴുതിയേക്കാം
ഹോമപ്പുരയിൽ പുകഞ്ഞില്ലാതെയാവും
ലോകത്തിന്നോർമ്മക്കുറിപ്പുകൾ
ഒരു സ്മരണാഞ്ജലി.....

Thursday, February 17, 2011

 കായലിനരികിൽ

ഒരു തുരുത്തിലേയ്ക്ക് കടക്കുമ്പോൾ
നോക്കെത്താദൂരത്തോളം
ദേശാടനക്കിളികൾ കൂടുകെട്ടിയ
വൃക്ഷശിഖരങ്ങളെ തൊട്ടൊഴുകിയ
കായൽ കണ്ടു....
പിന്നെയൊരു മുനമ്പിലെ
സന്ധ്യയുടെ നിറമുള്ള
പൂവുകളുമായ് നിന്ന
ദേവാലയവഴിയും കടന്നു
നടക്കുമ്പോൾ
പിന്നിൽ ചിലമ്പിന്റെ നാദം..
അടക്കിയൊതുക്കിയ ആന്തലുകൾ
സമൂലപരിവർത്തനഗാനവുമായ്
ഹൃദയധമിനിയിലൊഴുകിയ
ദിനങ്ങളിൽ
മയക്കം വിട്ടുണർന്ന സായാഹ്നത്തിൽ
വിരലിൽ കുരുങ്ങിയ
ചുറ്റുനൂലുകളഴിച്ചിഴചേർത്തുകെട്ടിയ
പുൽപ്പായയിലിരുന്ന്
മന്ത്രം ചൊല്ലുന്ന സന്ധ്യയെ കണ്ടു
ഒരു തുരുത്തിൽ നിന്ന് മറ്റൊരു
തുരുത്തിലേയ്ക്ക് യാത്രാവഞ്ചികയറിയ
കാലം നീർത്തിയിട്ട
കടലാസുതുണ്ടിലൊതുങ്ങാനാവാതെ
ശിശിരം മുനമ്പുകൾ തേടി നടന്നു
മഞ്ഞുകാലത്തിനോർമ്മച്ചെപ്പിൽ നിറയ്ക്കാൻ
കൈയിലിത്തിരി മഞ്ഞും തന്നു ശിശിരം.....
മൂടൽമഞ്ഞിന്റെ പട്ടുചുറ്റിയ ഗ്രാമം

ഉറഞ്ഞ മഞ്ഞുകാലസന്ധ്യയിൽ
അല്പമകലെയെന്തോ
ഛിന്നഭിന്നമാകുന്നു
അതൊരു ചില്ലുകൂടിലടച്ച
ഹൃദയമോ
വിമോചനരേഖയെഴുതി
താഴിട്ട് ഭദ്രമായ് സൂക്ഷിച്ച
കാരിരുമ്പിൻകൂടോ?
ശിശിരമുറഞ്ഞോരിടവഴിയും
കടന്നു നടക്കുമ്പോൾ
പുകയിലത്തോട്ടങ്ങളിൽ
തളിർവെറ്റിലയുമടയ്ക്കയും
ചേർന്നരഞ്ഞ ഗന്ധം
മുകിലുറഞ്ഞ വാനിൽ
പൂത്ത നക്ഷത്രങ്ങൾ മിന്നിയ
സന്ധ്യയിൽ
ജാലകമടയ്ക്കുമ്പോൾ
ശിശിരം ജനൽവാതിലനരികിൽ
ജപമാലതിരിച്ചുമന്ത്രം ചൊല്ലിയുറങ്ങി
പ്രഭാതമെത്തിയപ്പോഴേയ്ക്കും
സോപാനത്തിലെ പ്രദക്ഷിണവഴിയിൽ
തലേന്ന് മറന്നുവച്ച പൂക്കുടയിൽ
പവിഴമല്ലിപ്പൂക്കൾ നിറച്ച്
ഗ്രാമമുണർന്നു...
മൂടൽമഞ്ഞിന്റെ നേർമ്മയേറിയ
പട്ടുചുറ്റി ശിശിരം
ഗ്രാമത്തിനരികിലിരുന്നു....

Wednesday, February 16, 2011

സന്ധ്യാരാഗം

നിശബ്ദതയുടെയുടഞ്ഞ
ചില്ലിലെന്നേ ശിശിരമുറഞ്ഞു
മുന്നിൽ വർണതുണ്ടുകളായ്
ചിത്രശലഭങ്ങളായക്ഷരങ്ങളൊഴുകുന്നു
മഷിതുള്ളികളിറ്റിച്ച കടലാസിനരികിൽ
ഋതുക്കൾ നെയ്തെടുത്ത
വർണ്ണനൂലുകൾ തേടിയൊരു
പുലരിയിൽ ആകാശത്തേയ്ക്കൊരു
വാതിൽ പണിതു ഭൂമി
പിന്നെയാശീതസമരങ്ങളുടെ
ശീതീകരിച്ച യുദ്ധഭൂമിയിൽ
ഉറഞ്ഞ മനസ്സുമായ്
നിന്നു ഒരു യുഗം..
പിന്നിട്ട വഴിയിലെ മൺപാത്രങ്ങളിൽ
പെയ്തൊഴുകിയ മഴതുള്ളികൾ
കടലിലേയ്ക്കൊഴുകിയ
മഴക്കാലത്തിൽ ഓടുപാകിയ
നാലമ്പലത്തിലിരുന്ന് കണ്ട
ലോകമൊരു ചെറിയ
നീർച്ചാലായിയുറഞ്ഞു
പിന്നെയൊരവധിക്കാലസന്ധ്യയിൽ
മനസ്സിൽ പൂത്ത ശരത്ക്കാലത്തിൽ
ഭൂവർണ്ണങ്ങൾ തേടി
അവിടെയിലപൊഴിഞ്ഞൊരുമരക്കൊമ്പിൽ
കൂടുകെട്ടാൻ കാത്തിരുന്ന
ശിശിരമെഴുതിയതെല്ലാമൊരു
ശീതക്കാലപ്പുരയിൽ സൂക്ഷിക്കാം
ഇനിയും വരും
തളിർചില്ലകളിൽ
പൂക്കാലവുമായ് ഋതുക്കൾ...
വിരലിലൊഴുകുന്ന
ഹൃദ്സ്പന്ദനലയത്തിൽ
നിമിഷങ്ങളെയളന്നു തീർക്കുന്ന
ദിനാന്ത്യങ്ങളിൽ
ഇനിയൊരു സന്ധ്യാരാഗമുണർത്താം.....
ഋതുക്കൾക്കായൊരു സർഗം

ഇരുണ്ട്പുലർന്നപ്പോഴാണതാദ്യംകേട്ടത്
വിശ്വസിക്കാനായില്ല
പിന്നെ വിശ്വസിക്കാനായൊരു ശ്രമം
നൈലിനരികിലെ വിപ്ളവഗാനം പോലെ
വിസ്മൃതിയുടെ തുമ്പിലെ കടലാസ്പട്ടം
അതങ്ങ് പറന്നു പോയി
ഇടയിലുരുണ്ട് കൂടിയോരക്ഷരങ്ങൾ
വിരൽതുമ്പിൽ കൂടുകെട്ടി
അതിനവകാശികളുണ്ടായിരുന്നില്ല
പിന്നെയവകാശവാദം
പറഞ്ഞടർത്തിയെടുത്ത
ഭൂമിയുടെയരികിൽ കുറെപ്പേർ
കൊടിതോരണങ്ങളുമായ് യാത്രചെയ്തു
അതൊരു വിരസമായ
ആവർത്തനമായിരുന്നു..
അതിരുതിരിച്ചു കെട്ടിയ വേലിയ്ക്കൽ
വളർന്ന പാരിജാതങ്ങളിൽ
സന്ധ്യ പൂത്തുലഞ്ഞു...
തിരിഞ്ഞുനോക്കിയ നേരം
കാറ്റിലുലഞ്ഞുലഞ്ഞാ
കടലാസ് പട്ടം എവിടെയോ
മാഞ്ഞിരുന്നു...
പിന്നെ കടൽത്തീരത്തിരിക്കുമ്പോൾ
സന്ധ്യയുടെ പട്ടുചേലാഞ്ചലത്തിൽ
നക്ഷത്രങ്ങൾ നെയ്തെടുത്തു
ഋതുക്കൾക്കായൊരു സർഗം..

Tuesday, February 15, 2011

ശിശിരകാലപ്പുതപ്പണിഞ്ഞ ഭൂമി

ലോകം ചുരുങ്ങിയൊരു
ഭൂപടരേഖയുടെയതിരായ്
ആൾപ്പാർപ്പില്ലാത്ത
ആരണ്യകമായി ചുറ്റിത്തിരിഞ്ഞൊരു
മഷിപ്പാടിൽ മുങ്ങി
നിഴൽ വീണ നടുമുറ്റത്തൊരു
വിചാരണക്കൂടു പണിതൊടുവിൽ
വിധിയെഴുതി വിലങ്ങുവച്ചൊതുക്കിയതാരെയോ?
മഞ്ഞുതൂവിയ ശിശിരത്തിലൂടെ
ഭൂമി നടന്ന പ്രദക്ഷിണവഴിയിൽ
മിന്നിയ നക്ഷത്രങ്ങളുടെ
തിളക്കം മിഴിയിലേറ്റിയ
അശോകപ്പൂക്കളുടെ നിറമുള്ള സന്ധ്യ
വിചാരണക്കൂടുകളുടെ ആധാരശിലകളെ
കനൽത്തീയിലിട്ട് തണുപ്പാറ്റി...
വിധിന്യായത്തിന്റെ അന്യായപ്പത്രികയിൽ
രാവിന്റെയിത്തിരി കറുപ്പുലയമ്പോൾ
സോപാനത്തിൽ ഗ്രാമം
നിർമാല്യദർശനം സ്വപ്നം കണ്ടുറങ്ങി
ആൾപ്പാർപ്പില്ലാത്ത ആരണ്യകത്തിലൂടെ
ശിശിരം മെല്ലെ നടന്ന് താഴ്വാരങ്ങളും
കടന്ന് പൂമുഖപ്പടിയിലിത്തിരി
മഞ്ഞുതൂവിയ നേരം
ഉണരാനിത്തിരി വൈകിയ
ഗ്രാമത്തിനരികിൽ
പുകയുന്ന നെരിപ്പോടിലേയ്ക്കിടാൻ
ഹോമദ്രവ്യങ്ങൾ തേടി ലോകം
തിരക്കിട്ടോടിയപ്പോൾ
ശിശിരകാലപ്പുതപ്പണിഞ്ഞ
ഭൂമിയൊരു മഞ്ഞുകാലപ്പൂവിനെ
മനസ്സിലേയ്ക്കിട്ട് മെല്ലെ നടന്നു...
ഉറയുന്നത് ഹൃദയമോ മഞ്ഞുകാലപ്പൂക്കളോ?

അതൊരു രാജവീഥിയോ
പണ്ടകശാലയോ
ദൂരെക്കാഴ്ചയിലൊരു മരീചിക
തിളങ്ങിയ മുത്തുകളെ
മുക്കുപണ്ടങ്ങളാക്കിയും
വീണ്ടുമവ മിനുക്കിയും
പിന്നെയൊതുക്കിയും
കൈയിലമ്മാനമാടിയങ്ങനെ
മഷിതുള്ളികളാഹ്ളാദിക്കുന്നു
തച്ചുടയ്ക്കുന്നു...
ഉടച്ചുവാർക്കുന്നു..
ചില്ലുമാളികൾ പണിയുന്നു...
 നിലം പരിശാക്കുന്നു...
പിന്നെയവശേഷിപ്പുകൾ
കടഞ്ഞുയർത്തുമനേകായിരം
കൗതുകവസ്തുക്കൾ കണ്ടിരിക്കാം
നിയോഗങ്ങളുടെ
തിരിയുന്ന യന്ത്രങ്ങളിൽ
മഷികോരിയൊഴിയ്ക്കാം...
പിന്നെയൊരു ശിശിരത്തിനരികിൽ
ഘനീഭവിച്ച മഞ്ഞായി മാറുമിത്തിരി
ദിനരാത്രങ്ങളെ മൂടിയിടാമതിൽ
അതിനിടയിലെ
ചെറിയ ഇടനാഴിയിലൂടെ
കളിമൺകൂടുകളിലുണർന്നുവരും
കൗതുകങ്ങൾ കണ്ടു നടക്കാം...
ശിശിരമേ നിന്നരികിലുറയുന്നത്
ഹൃദയമോ
മഞ്ഞുകാലപ്പൂക്കളോ???

Monday, February 14, 2011

ചന്ദനസുഗന്ധം പൂശിയ വാക്കുകൾ

എഴുതാതിരിക്കുന്നതിലൊരർഥവുമില്ല
മിഴിയടച്ചിരുട്ടാക്കി
അനർഥങ്ങളിൽ നാനാർഥമെഴുതി
നീങ്ങിയേക്കാമൊരു ലോകം..

വിളക്കുകളെല്ലാം
കെടുത്തിയറയിലിരുന്നാൽ
താഴിട്ടുപൂട്ടി മുദ്രവച്ചൊരു ലോകം
മുന്നിലൂടെ നടന്നു പോകും...
അതിനാൽ
എഴുതാതിരിക്കുന്നതിലൊരർഥവുമില്ല.
പർണ്ണശാലകളിൽ മോക്ഷപ്രാപ്തിയായ
സത്യമെവിടെയന്ന് ചോദിച്ചലയേണ്ടതില്ലിവിടെ
മതിൽക്കെട്ടുകളിൽ തൂങ്ങിയാടുന്ന
പരസ്യപ്പലകയിലെ പകിട്ടു
കണ്ടാനന്ദിക്കാം..
പരവതാനിയിലൂടെയൊഴുകി നീങ്ങുന്ന
വിഹ്വലതകളേ
മനസ്സിനുള്ളിൽ നെരിപ്പോടു പുകയ്ക്കുന്ന
ചാതുര്യമേ..
ശിശിരകാലപുലരിയിൽ
ലഘുവായൊരാർദ്രഭാവമായ്
മഞ്ഞുതുള്ളികൾവീഴുമ്പോൾ
എന്തിനിങ്ങനെയൊരു
ജീവന്മരണപ്പോരാട്ടം
പ്രഭാവലയങ്ങൾ
അദൃശ്യരായ,എല്ലാമറിയുന്ന
ദൈവങ്ങൾക്കവകാശപ്പെട്ടത്..
എഴുതാതിരിക്കുന്നതിലൊരർഥവുമില്ല
ചാണക്കല്ലിലരയുന്ന ചന്ദനസുഗന്ധം
പൂശിയ വാക്കുകളിലൂടെയൊഴുകാമിനി..
പുതിയ സർഗങ്ങളുണരുമുൾക്കടലിൽ

എഴുതിതീർക്കാനാവാത്തൊരു
സർഗമാണിപ്പോൾ മുന്നിൽ...
പണ്ടെന്നോ പകച്ചുനിന്നൊരു
നീർമുകിലെന്നേ പെയ്തൊഴിഞ്ഞിരിക്കുന്നു
വാനിൽ നിന്നൊരു കനലായ്
കത്തിവീണ ശരത്ക്കാലത്തിൽ
നിന്നെത്രയോ വർണ്ണചെപ്പുകൾ
ഭൂമിയിലേയ്ക്കൊഴുകി...
അവയെല്ലാമൊരു ശീതകാലപ്പുരയിൽ
ഭദ്രമായ് സൂക്ഷിയ്ക്കാം
ഒരോ വർണ്ണവുമൊരു തുള്ളിയായ്
വിരലിലിറ്റിച്ചൊരാറ്റിൻ തീരത്തെ
അരയാൽശിഖരത്തിൻ തണലിൽ
നിന്നുമെഴുതാം...
എഴുതിതീർക്കാനാവാത്തൊരു
സർഗം വഞ്ചിതുഴഞ്ഞൊഴുകുന്ന
കടലേയ്ക്ക് യാത്രയാവാമിനി..
പുതിയ സർഗങ്ങളുണരുമുൾക്കടലിൽ
മഞ്ഞുകാലപ്പൂവുകളുമായൊഴുകുന്ന
ശിശിരവുമെഴുതിയേക്കാം
ഋതുക്കൾക്കായൊരുപാഖ്യാനം....
 മൺവീണയിൽ സ്വരങ്ങളുണരുമ്പോൾ

ഒരു തുടം എണ്ണയിൽ
നിറഞ്ഞു കത്തി സന്ധ്യ...
ഒരു സാമ്രാജ്യത്തിന്റെയവശിഷ്ടങ്ങളെ
സ്ഥാനോരഹണം ചെയ്ത്
മകരം തൂത്തെടുത്തയിത്തിരി
മഞ്ഞുസൂക്ഷിക്കാനാവാതെയോടി
നിമിഷങ്ങൾ....
നിമിഷങ്ങൾക്കരികിൽ
നിലനിൽക്കാത്തതെന്തോ  തേടി
ചെങ്കോലുകൾ...
പുറമേ മോടികൂട്ടിയ
രംഗമണ്ഡപങ്ങളിൽ
ചിലമ്പിട്ടു നടന്നു വിധി
തുള്ളിക്കുലുക്കിയ നിഴൽപ്പൊട്ടുകളിൽ
വീണു തകർന്ന മൗനം പണിത
കോട്ടയിലൊരു രംഗോലിചിത്രമെഴുതി
ലോകം...
മൺവീണയിൽ സ്വരങ്ങളുണരുമ്പോൾ
പ്ലാവിലകൾ കൂട്ടിക്കെട്ടി
കളിവീടു വച്ചു ബാല്യം
മാമ്പൂക്കൾ കൈയിലമ്മാനമാടിയ
ഗ്രാമത്തിനുള്ളിലെ
നികത്താത്ത പാടങ്ങൾക്കരികിൽ
വാനിലെ നക്ഷത്രങ്ങൾക്ക്
കൂട്ടിരുന്നു ശിശിരം.......
വിസ്മയതുണ്ടുകൾ

എഴുതിക്കൂട്ടിതുന്നി
തുകൽപ്പുറംചട്ടയിൽ തിളങ്ങിയ
പുസ്തകമായി മാറി ലോകം....
മിഴി നിറയെ കണ്ടുനടന്ന
ഗ്രാമവുമൊരപരിഷ്കൃതനഗരവും
കോലായിലിരുന്നെഴുതിപണിത
സൗധങ്ങളിൽ
പടർന്നൊരച്ചടിമഷിയിൽ
തുള്ളിയാടുന്ന ലോകം....
തൂശനിലയിൽ നിറഞ്ഞ
നിവേദ്യത്തിനരികിൽ
ഹരിശ്രീയെഴുതിയ ഓട്ടുരുളിയിലെ
ധാന്യമണികളിൽ നിന്നൊഴുകിയ
അറിവിന്നാദ്യക്ഷരങ്ങൾ
മനസ്സിലൊരു ചിത്രമെഴുതുമ്പോൾ
തുന്നിക്കൂട്ടിയ ലോകമൊരു
സമാന്തരരേഖയായ്
തീവണ്ടിപ്പാളങ്ങളിലോടി...
നിമിഷങ്ങളുടെ സഞ്ചിയിലൂടെ
ചോർന്നൊഴുകിയ ദിനരാത്രങ്ങൾക്കരികിൽ
പാതിയെഴുതിയ പുസ്തകമെടുത്തരികിൽ
നിന്നു ഭൂമി...
ഓട്ടുരുളിയിൽ നിന്നുണർന്ന്
വിരലിലുരുമ്മിയ വിസ്മയതുണ്ടുകൾ
കൊരുത്തരികിലൊരു
പരിഭവമില്ലാതെയെത്തുന്ന
ഋതുക്കളുടെ ചെപ്പിൽ നിറയ്ക്കാമിനി..
ശിശിരത്തണുപ്പാറ്റാൻ പണിയും
നെരിപ്പോടുകൾക്കരികിൽ
തുകൽപ്പുറചട്ടയിലെ ലോകവുമെഴുതി
നിറയ്ക്കട്ടെയവരുടെ കനൽതുണ്ടുകൾ..
സമാന്തരങ്ങളിൽ
ഋതുക്കളോടൊപ്പം
ഊഞ്ഞാൽപ്പടിയിലിരിക്കാമിനി....

Sunday, February 13, 2011

മഞ്ഞുകാലപ്പൂവായുറങ്ങിയ ശിശിരം
ഒരുചിമിഴിൽ ശിശിരമുറയുമ്പോൾ
പാതിയെണ്ണതീർന്ന തിരികെടുത്തി
സന്ധ്യാദീപങ്ങളെ ഗ്രാമം
അറയിലേയ്ക്ക് മാറ്റി
പിന്നെയേതോ ദു:സ്വപ്നത്തിലുരുൾ
പൊട്ടിയ മലയോരത്തിനരികിൽ
വഴിതടസ്സപ്പെട്ട യാത്രികനെപ്പോലെ
ഒരു ദിനാന്ത്യമൊതുങ്ങുമ്പോൾ
ചരൽക്കല്ലുകൾ നിറഞ്ഞ
ഊടുവഴിയിലൂടെ രക്തം കിനിയുന്ന
കാല്പദങ്ങളുമായോടിപ്പോയി
യാഥാർഥ്യം..
വിരൽതുമ്പിലിറ്റിയൊരിത്തിരി മഞ്ഞിനെ
ഒരു ചിപ്പിയിലൊതുക്കിയൊരു
കടൽത്തീരത്തിരിക്കുമ്പോൾ
നക്ഷത്രങ്ങൾ മാഞ്ഞ രാവിൽ
കൈക്കുടന്നയിൽ ശിശിരമൊരു
മഞ്ഞുകാലപ്പൂവായുറങ്ങി...

Saturday, February 12, 2011

ഋതുക്കളുടെ ഊഞ്ഞാൽപ്പടിയിൽ

ഋതുക്കളുടെ ഊഞ്ഞാൽപ്പടിയിലൊരു ദേശാടനപ്പക്ഷിയെപ്പോലെയിരുന്നു ശിശിരം
വൃക്ഷശിഖരങ്ങളിൽ മഞ്ഞിനാൽ നെയ്ത
കൂടിനുള്ളിലിരുന്ന്
നൈലൊഴുകും ഭൂഖണ്ഡത്തിൽ
ചരിത്രമൊരുപാഖ്യാനമെഴുതിയപ്പോൾ
ചെറിയ ചിപ്പികളിൽ കടൽ
ഭദ്രമായ് സൂക്ഷിച്ച മുത്തുകൾ
തേടുന്ന ഭൂമിയെ കണ്ടു
വാതിൽപ്പടിയിൽ തൂക്കിയ
ഓട്ടുമണിയുടെ നാദം മുഴങ്ങിയ
ഗ്രാമത്തിലെ പാതയോരത്ത്
വൈദ്യുതദീപങ്ങൾ

മങ്ങിക്കത്തിയ സന്ധ്യയിൽ
ചരിത്രത്തെ ചുമരലമാരയിലാക്കി
പിന്നെയൊരാധുനികകൃതിയുടെ
അർഥം തേടി വൃത്തവ്യാകരാണാഖ്യാനങ്ങളിൽ
മിഴിയാഴ്ത്തിയൊന്നും മനസ്സിലാവാതെ
ആറ്റിറമ്പിൽ പായ് വഞ്ചി തുഴഞ്ഞുവന്ന
ശിശിരക്കുളിരിൽ മുങ്ങിയ പഴം പാട്ടിൻ
ശീലുകൾ മനസ്സിലേയ്ക്കിട്ടു
നടക്കുമ്പോൾ
തിരക്കിട്ടോടിയ നിമിഷങ്ങൾക്കരികിൽ
വ്യതിചലനമായികതയിൽ
മയങ്ങാതെ
ചെറിയ ശംഖുകളിൽ മഞ്ഞുതുള്ളിയായ്
പൂക്കാലമായഗ്നിയായ്,
മഴയായ്പെയ്തിലപൊഴിഞ്ഞ്
വീണ്ടുമുറയും സങ്കല്പങ്ങളെ
മുത്താക്കി മാറ്റി
ഊഞ്ഞാൽപ്പടിയിലിരുന്നാടുന്ന
ഋതുക്കളെ കണ്ടു.....
 അഗ്നിവർണം പൂശിയ മതിലിനുള്ളിൽ

അഗ്നിവർണം പൂശിയ മതിലിനുള്ളിൽ
ഒരു ചുമരുണ്ടിപ്പോളരികിൽ
കമ്പികെട്ടി തിരിച്ചയതിരിനുള്ളിൽ
പണിതുയർത്തിയ
ദിക്കുകളെ വേർതിരിക്കുന്ന ചുമർ...
പാൽക്കുടങ്ങളിൽനിന്നമൃതുതൂവിയവഴിയിൽ
പാതികരിഞ്ഞ തേയിലപുകമണമൊഴുക്കിയ
മദ്ധ്യാഹ്നവെയിലിനെ മറക്കാൻ
മഞ്ഞുകൂടയിൽ നിന്ന് സുഗന്ധപൂവുകൾ
കുടഞ്ഞിട്ട ശിശിരമേ
നിനക്കായിയെഴുതാമിനിയീ ചുമരിൽ...
ശരത്ക്കാലം പൂക്കുന്നൊരഗ്നിവർണ്ണങ്ങളിൽ....
ദൃശ്യസ്പർശത്തിൽ
നിന്നദൃശ്യതയിലേയ്ക്കൊഴുകുന്നത്
നിമിഷങ്ങളോ
മെഴുകിൻ തുണ്ടുകളോ
എഴുതാമിനിയീ ചുമരിൽ..
മഞ്ഞുറഞ്ഞ ശിശിരത്തിനരികിൽ
ചുമർചിത്രങ്ങൾക്കരികിൽ
അഗ്നിവർണം പൂശിയ മതിലിന്നരികിൽ
കൂടാരം കെട്ടി നിഴൽമുഖവുമായ്
കാവലിരിക്കുന്നവരെ
എവിടെ കിട്ടിയീ
ശിശിരകാലസന്ധ്യയിലും
മായാത്ത നിഴൽക്കൂടകൾ???
അഗ്നിവർണം പൂശിയ
മതിലിനുള്ളിലെ
ചുമരിലേയ്ക്കൊഴുകട്ടെ
മഞ്ഞിൽ മുങ്ങിയെത്തിയ
സന്ധ്യയുടെ മൺവിളക്കിലെ
വെളിച്ചം......
മഞ്ഞുറഞ്ഞ സമതലങ്ങളിൽ

ഓർമ്മയുടെ ചെപ്പുകളെ
ശിശിരം മഞ്ഞുപാളികളാൽ മൂടി
കരിഞ്ഞ ചെറിയ ശാഖകളും
തീയിലേയ്ക്കിട്ടു..
എന്നിട്ടുമിങ്ങനെയൊരു
ലോകമുണ്ടെന്നറിഞ്ഞൊരോർമ്മ
മുറിവായിയുണങ്ങാതെയങ്ങനെ
മനസ്സിനെയിടക്കിടെയലോസരപ്പെടുത്തിയേക്കാം...
പിന്നിലിടവഴിയിൽ നിന്നൊഴിയാതെ
നിമിഷങ്ങളെ കെട്ടിവലിക്കുന്ന
പെൻഡുലം...
അതിൽ മുഖം മറച്ചെഴുതുന്ന മിഥ്യ
പിന്നെയേതോ ജന്മരാശിയുടെ
വാടകക്കടമെടുത്തുഴുതു കൂട്ടിയ നിലത്തിൽ
കൊയ്ത്തുകാലമാഘോഷിക്കാനിരിക്കുന്ന
നിലംപരിശായ മാളികൾ
കെട്ടിയൊരുക്കാമിനിയും
കൽതുറുങ്കുകൾ,
തഴുതും താക്കോൽക്കൂട്ടവും
പുതുക്കിപ്പണിയാം...
ഓർമ്മയിൽ സൂക്ഷിക്കാം
കാരാഗ്രഹത്തിൻ തുടലഴിഞ്ഞനാൾ
കാല്പദങ്ങളെയുരുമ്മിയൊഴുകിയ
കാളിന്ദിയെ...
എല്ലാക്കാലത്തിലുമുണ്ടാകും
ഋതുക്കളെ തടയാനൊരുങ്ങുന്ന
ഭൂമിയെ ചുറ്റി വിലങ്ങിടാനൊരുങ്ങുന്ന
ഹിരണ്യപരമ്പരകൾ..
മിഥ്യയുടെ പുകമറകൾ
ചിന്തേരിട്ട് മിനുസപ്പെടുത്തിയ
പരുക്കൻ നിലങ്ങളിൽ
മണ്ണുതൂവിയെഴുതാമിനി
മഞ്ഞുതുള്ളികളിലിഞ്ഞ
നനുത്ത മണ്ണിന്റെ സുഗന്ധമൊഴുകട്ടെ
വിരൽതുമ്പിൽ...
മൂടിക്കെട്ടിയ ശിശിരമരികിലൊരു
വാൽക്കണ്ണാടിയിൽ
പ്രതിബിംബിപ്പിക്കുന്നതെന്തേ
മഞ്ഞുറഞ്ഞ സമതലങ്ങളിൽ
പുകപോലെയലിഞ്ഞുമായുന്ന
മൂടൽമഞ്ഞിനുള്ളിൽ
ലോകാവസാനം വരെ
സുഖപാർപ്പിനായ് കുടീരങ്ങൾ
പണിതുയർത്തുന്നതാരോ???

Friday, February 11, 2011

 ഒരു ശീതകാലപ്പുരയിൽ


മൂടൽമഞ്ഞിനിടയിലൂടെ
പുൽമേടുകളിൽ
കുടമുല്ലപ്പൂവിറുത്തു വന്ന ശിശിരം
പടിവാതിലിനരികിൽ
ആവണിപ്പലകയിലിരുന്നൊരിതിഹാസം
പകുത്തതിലൊഴുകിയ
അക്ഷരങ്ങളെ മനസ്സിലേയ്ക്കിട്ടു....
പിന്നെയകിലും ഗോരോചനവുമരച്ച്
തൊടുകുറിയിട്ട് മഞ്ഞുകാലപൂവുകൾ
വിരിഞ്ഞ പാടവരമ്പിലൂടെ
നടന്നതിരും കടന്നൊരു
കുന്നിന്മുകളിലെയമ്പലമണികളിൽ
ഉഷപ്പൂജാമന്ത്രമുണരും നേരം
മിഴിപൂട്ടി ധ്യാനത്തിലായ
ഭൂമിയെയുണർത്തി
കൈയിലിത്തിരി കുടമുല്ലപ്പൂവിൻ
സുഗന്ധതൈലമിറ്റിച്ച്
ഒരഗ്രഹാരത്തിനരികിലുണർന്ന
വേദമന്ത്രങ്ങളിൽ മുങ്ങിതോർത്തി
വീണ്ടും പടിപ്പുരവാതിലനരികിലെത്തിയപ്പോൾ
ഹോമപ്പുരയിലെ തീപ്പുകയേറ്റ്
മനസ്സിൽ വീണ
മഞ്ഞുതുള്ളികൾ മാഞ്ഞിരുന്നു
മൂടൽമഞ്ഞിന്റെ മൂടുപടമണിഞ്ഞ
തണൽവൃക്ഷങ്ങൾക്കരികിൽ
നിഴലുകൾ തുള്ളിയാടിയ,
ചെങ്ങഴിനീർപ്പൂക്കൾ വിരിഞ്ഞ മുറ്റത്ത്
പിന്നെ ശിശിരം പണിതു
ഒരു ശീതകാലപ്പുര....
ഉറഞ്ഞുതീരാറായ മഞ്ഞുകാലത്തിനൊരു
സ്മാരകം......