Tuesday, February 8, 2011

അമൃതുവള്ളികൾ പടർന്ന തൊടിയും കടന്ന്

മഞ്ഞുതുള്ളികളിലൂടെ
മൂടൽമഞ്ഞിലൂടെ ശിശിരം
നടന്നു നീങ്ങും...
ഇമയനക്കും നേരമരികിൽ
പിന്നെയും വരുമൊരു ഋതു...
അമൃതുവള്ളികൾ പടർന്ന
തൊടിയിലൊഴുകിയ
കാറ്റിനരികിൽ
പാടത്തിനരികിലൂടെ
കൈയിലൊരു പൂക്കാലവുമായ്
പിന്നെയും വരുമൊരു ഋതു
തേച്ചുമിനുക്കിയൊരോട്ടുവിളക്കിലെ
പ്രകാശനാളങ്ങളുരുക്കിയൊരു
സുവർണച്ചെപ്പിലടച്ചു സൂക്ഷിക്കാം
ഇരുൾ വീഴും നേരമിത്തിരിയറവാതിൽ
തെളിയിക്കാം
തിരശ്ശീലയ്ക്കരികിലാട്ടം കണ്ടിരിക്കാം
പിന്നെ പാതിമയക്കത്തിൽ കണ്ട
പുരാണങ്ങളുടെ ഒരോ താളിലുമെഴുതിയ
കുതുകങ്ങൾ കാണാം
വാനിൽ മിന്നുന്ന നക്ഷത്രങ്ങളെ
മിഴിയിലാക്കി
ശിശിരതണുപ്പിലാറാടിയുറങ്ങാം..
പട്ടുകുടയും വെൺചാമരവും
ചാരിവച്ചിരിക്കുന്ന ബലിക്കൽപ്പുരയിൽ..
പ്രഭാതത്തിൽ കൊഴിഞ്ഞുവീണ
മുത്തും അലുക്കുകളും ചേർത്ത്
കോർത്തെടുക്കാം
കാറ്റിലാടും നാദതന്ത്രികൾ..
ശിശിരകാലമഞ്ഞിനരികിലവയുലയട്ടെ
മന്ത്രം പോലെ..
മൗനത്തിന്റെയുടഞ്ഞ ചില്ലു പോലെ..

No comments:

Post a Comment