Thursday, February 17, 2011

മൂടൽമഞ്ഞിന്റെ പട്ടുചുറ്റിയ ഗ്രാമം

ഉറഞ്ഞ മഞ്ഞുകാലസന്ധ്യയിൽ
അല്പമകലെയെന്തോ
ഛിന്നഭിന്നമാകുന്നു
അതൊരു ചില്ലുകൂടിലടച്ച
ഹൃദയമോ
വിമോചനരേഖയെഴുതി
താഴിട്ട് ഭദ്രമായ് സൂക്ഷിച്ച
കാരിരുമ്പിൻകൂടോ?
ശിശിരമുറഞ്ഞോരിടവഴിയും
കടന്നു നടക്കുമ്പോൾ
പുകയിലത്തോട്ടങ്ങളിൽ
തളിർവെറ്റിലയുമടയ്ക്കയും
ചേർന്നരഞ്ഞ ഗന്ധം
മുകിലുറഞ്ഞ വാനിൽ
പൂത്ത നക്ഷത്രങ്ങൾ മിന്നിയ
സന്ധ്യയിൽ
ജാലകമടയ്ക്കുമ്പോൾ
ശിശിരം ജനൽവാതിലനരികിൽ
ജപമാലതിരിച്ചുമന്ത്രം ചൊല്ലിയുറങ്ങി
പ്രഭാതമെത്തിയപ്പോഴേയ്ക്കും
സോപാനത്തിലെ പ്രദക്ഷിണവഴിയിൽ
തലേന്ന് മറന്നുവച്ച പൂക്കുടയിൽ
പവിഴമല്ലിപ്പൂക്കൾ നിറച്ച്
ഗ്രാമമുണർന്നു...
മൂടൽമഞ്ഞിന്റെ നേർമ്മയേറിയ
പട്ടുചുറ്റി ശിശിരം
ഗ്രാമത്തിനരികിലിരുന്നു....

No comments:

Post a Comment