Saturday, February 5, 2011

എണ്ണവിളക്കുകൾ

ഭൂമിയളന്നുതീർന്നു വരുമ്പോൾ
നിറയെ എണ്ണവിളക്കുകൾ വയ്ക്കാം
സന്ധ്യയ്ക്കായി....
ശുദ്ധികലശം ചെയ്ത മണ്ഡപങ്ങളിൽ
തീർഥസ്നാനം ചെയ്തിട്ടൊഴിയാതെ
ഹോമാഗ്നിയിലെ കറുകയിലെരിഞ്ഞു
തീരാതെയരികിലിനിയും
പുകയുന്നതെന്തേ
പുകയൂതിയൂതി വിങ്ങിയ
കൺതടങ്ങളുമായമാവാസി
നീങ്ങിയ രാത്രിയിൽ
നിറം മങ്ങിയതൊരു കുടന്നപൂവിനോ
ചുറ്റുവലയങ്ങൾക്കോ
മുള്ളുവേലിയിലുടക്കിയ
ഹൃദയത്തിനോ?
മതിലുകളുടെ വിസ്തീർണം
കൂട്ടിപ്പണിയാം
ഉടയ്ക്കാനാവാത്ത കല്ലുകളിൽ
പിന്നീടൊരിക്കലും
ചുറ്റുവലയങ്ങളെയോർത്ത്
വ്യസനിക്കേണ്ടതില്ലല്ലോ
ശുദ്ധമായ എണ്ണത്തിരികളിലൊഴുകട്ടെ
സന്ധ്യയുടെ വെളിച്ചം
ശിശിരം മഞ്ഞുപാളികളിൽ
മൂടിയിടട്ടെ ഭാരച്ചുമടുകൾ
മഞ്ഞുകാലപൂവുകൾ കൈയിലേറ്റാം
തൂവൽ പോലെ...

No comments:

Post a Comment