Tuesday, February 22, 2011

മഞ്ഞിനരികിലെന്തിനൊരു നിഴൽക്കൂട്

പൂന്തോട്ടത്തിൽ
ഭൂമി നട്ടുവളർത്തിയ പൂച്ചെടികളിൽ
വിടർന്നത് വാക്കുകളായിരുന്നുവല്ലോ
അതിനതിരുമുണ്ടായിരുന്നു
അകക്കാമ്പിൽ തേനുമുണ്ടായിരുന്നു
അയൽമതിലുകളിലേയ്ക്കവ
പടർന്നതേയില്ലല്ലോ
മതിലുകളടർത്തിയകത്തേക്ക്
വന്നതാ നിഴൽപൂക്കളുടെ തണൽവൃക്ഷം
എന്നിട്ടും പതിയിരിന്ന്
പഴി ചാരുന്നുവോ
തണലെന്നുറക്കെപറഞ്ഞ്
കുറെ നിഴലെയ്തെങ്ങോട്ടോ പോയി
നിഴലുകളെ തൂത്തുതൂത്തു
കൈവിരലുകളിലിപ്പോൾ
പരുക്കൻ തഴമ്പുകൾ
പൂന്തോട്ടങ്ങളിലിനിയും പൂച്ചെടികൾ നിറയ്ക്കണം
ഇടിഞ്ഞുപൊളിഞ്ഞ മതിലുകൾ
പുതുക്കിപ്പണിയണം
ഒരു പാടു ജോലി ബാക്കിയുണ്ടല്ലോ
പഴി ചാരുന്ന പണിയെങ്കിലുമൊന്ന്
നിർത്തിക്കൂടെ...
നിരത്തിൽ ശിശിരം മഞ്ഞുതൂവുന്നു
മഞ്ഞിനരികിലുമെന്തിനൊരു
നിഴൽക്കൂട്....

No comments:

Post a Comment