Sunday, February 20, 2011

നാലുകെട്ടിനൊരു സ്വപ്നമിഴിയായിരുന്നു

നാലുകെട്ടിനൊരു സ്വപ്നമിഴിയായിരുന്നു
തടിതൂണുകളിലും ഇടനാഴിയിലും
അറപ്പുരയിലുമെല്ലാമാ
സ്വപ്നമൊരു കാവ്യഭാവത്തിൽ
മൃദുവായ പദപദനത്തിലരികിൽ
വന്നിരുന്ന് മഴതുള്ളിവീഴും പോൽ
നൃത്തച്ചോടു വച്ചൊരു സന്ധ്യാവിളക്കിലെ
പ്രകാശമായ് മാറുന്നതെത്രയോ നാൾ
കണ്ടിരിക്കുന്നു....
ഒരു മഴക്കാലനാളിൽ
നാലുകെട്ടിടറി വീണു..
തടിതൂണുകളുടെയിടയിൽ
വീർപ്പുമുട്ടിയ സ്വപ്നമിടനാഴിയും
കടന്ന് തൂവൽച്ചിറകൊതുക്കിയൊരു
ചെമ്പകവൃക്ഷശിഖരത്തിൽ
കൂടുകെട്ടി....
പിന്നെയെവിടെയോ യാത്രപോയിവന്ന
ഗ്രാമത്തിൽ തടിത്തൂണുകളിൽ
പുതിയ നാലുകെട്ടാരും പണിതേയില്ല
മണ്ണും മണലും ചേർത്തൊരുക്കിയ
കൂടാരങ്ങളിൽ കൂടുകൂട്ടാനാവാതെ
സ്വപ്നങ്ങൾ വിരൽതുമ്പിലുറങ്ങിയപ്പോൾ
കനൽച്ചൂളയിൽ കത്തിയ മണ്ണിഷ്ടികളിൽ
പുതിയ ലോകമുയർന്നുവന്നു...

No comments:

Post a Comment