Friday, February 11, 2011

 ഒരു ശീതകാലപ്പുരയിൽ


മൂടൽമഞ്ഞിനിടയിലൂടെ
പുൽമേടുകളിൽ
കുടമുല്ലപ്പൂവിറുത്തു വന്ന ശിശിരം
പടിവാതിലിനരികിൽ
ആവണിപ്പലകയിലിരുന്നൊരിതിഹാസം
പകുത്തതിലൊഴുകിയ
അക്ഷരങ്ങളെ മനസ്സിലേയ്ക്കിട്ടു....
പിന്നെയകിലും ഗോരോചനവുമരച്ച്
തൊടുകുറിയിട്ട് മഞ്ഞുകാലപൂവുകൾ
വിരിഞ്ഞ പാടവരമ്പിലൂടെ
നടന്നതിരും കടന്നൊരു
കുന്നിന്മുകളിലെയമ്പലമണികളിൽ
ഉഷപ്പൂജാമന്ത്രമുണരും നേരം
മിഴിപൂട്ടി ധ്യാനത്തിലായ
ഭൂമിയെയുണർത്തി
കൈയിലിത്തിരി കുടമുല്ലപ്പൂവിൻ
സുഗന്ധതൈലമിറ്റിച്ച്
ഒരഗ്രഹാരത്തിനരികിലുണർന്ന
വേദമന്ത്രങ്ങളിൽ മുങ്ങിതോർത്തി
വീണ്ടും പടിപ്പുരവാതിലനരികിലെത്തിയപ്പോൾ
ഹോമപ്പുരയിലെ തീപ്പുകയേറ്റ്
മനസ്സിൽ വീണ
മഞ്ഞുതുള്ളികൾ മാഞ്ഞിരുന്നു
മൂടൽമഞ്ഞിന്റെ മൂടുപടമണിഞ്ഞ
തണൽവൃക്ഷങ്ങൾക്കരികിൽ
നിഴലുകൾ തുള്ളിയാടിയ,
ചെങ്ങഴിനീർപ്പൂക്കൾ വിരിഞ്ഞ മുറ്റത്ത്
പിന്നെ ശിശിരം പണിതു
ഒരു ശീതകാലപ്പുര....
ഉറഞ്ഞുതീരാറായ മഞ്ഞുകാലത്തിനൊരു
സ്മാരകം......

No comments:

Post a Comment