Tuesday, February 15, 2011

ശിശിരകാലപ്പുതപ്പണിഞ്ഞ ഭൂമി

ലോകം ചുരുങ്ങിയൊരു
ഭൂപടരേഖയുടെയതിരായ്
ആൾപ്പാർപ്പില്ലാത്ത
ആരണ്യകമായി ചുറ്റിത്തിരിഞ്ഞൊരു
മഷിപ്പാടിൽ മുങ്ങി
നിഴൽ വീണ നടുമുറ്റത്തൊരു
വിചാരണക്കൂടു പണിതൊടുവിൽ
വിധിയെഴുതി വിലങ്ങുവച്ചൊതുക്കിയതാരെയോ?
മഞ്ഞുതൂവിയ ശിശിരത്തിലൂടെ
ഭൂമി നടന്ന പ്രദക്ഷിണവഴിയിൽ
മിന്നിയ നക്ഷത്രങ്ങളുടെ
തിളക്കം മിഴിയിലേറ്റിയ
അശോകപ്പൂക്കളുടെ നിറമുള്ള സന്ധ്യ
വിചാരണക്കൂടുകളുടെ ആധാരശിലകളെ
കനൽത്തീയിലിട്ട് തണുപ്പാറ്റി...
വിധിന്യായത്തിന്റെ അന്യായപ്പത്രികയിൽ
രാവിന്റെയിത്തിരി കറുപ്പുലയമ്പോൾ
സോപാനത്തിൽ ഗ്രാമം
നിർമാല്യദർശനം സ്വപ്നം കണ്ടുറങ്ങി
ആൾപ്പാർപ്പില്ലാത്ത ആരണ്യകത്തിലൂടെ
ശിശിരം മെല്ലെ നടന്ന് താഴ്വാരങ്ങളും
കടന്ന് പൂമുഖപ്പടിയിലിത്തിരി
മഞ്ഞുതൂവിയ നേരം
ഉണരാനിത്തിരി വൈകിയ
ഗ്രാമത്തിനരികിൽ
പുകയുന്ന നെരിപ്പോടിലേയ്ക്കിടാൻ
ഹോമദ്രവ്യങ്ങൾ തേടി ലോകം
തിരക്കിട്ടോടിയപ്പോൾ
ശിശിരകാലപ്പുതപ്പണിഞ്ഞ
ഭൂമിയൊരു മഞ്ഞുകാലപ്പൂവിനെ
മനസ്സിലേയ്ക്കിട്ട് മെല്ലെ നടന്നു...

No comments:

Post a Comment