Saturday, February 12, 2011

മഞ്ഞുറഞ്ഞ സമതലങ്ങളിൽ

ഓർമ്മയുടെ ചെപ്പുകളെ
ശിശിരം മഞ്ഞുപാളികളാൽ മൂടി
കരിഞ്ഞ ചെറിയ ശാഖകളും
തീയിലേയ്ക്കിട്ടു..
എന്നിട്ടുമിങ്ങനെയൊരു
ലോകമുണ്ടെന്നറിഞ്ഞൊരോർമ്മ
മുറിവായിയുണങ്ങാതെയങ്ങനെ
മനസ്സിനെയിടക്കിടെയലോസരപ്പെടുത്തിയേക്കാം...
പിന്നിലിടവഴിയിൽ നിന്നൊഴിയാതെ
നിമിഷങ്ങളെ കെട്ടിവലിക്കുന്ന
പെൻഡുലം...
അതിൽ മുഖം മറച്ചെഴുതുന്ന മിഥ്യ
പിന്നെയേതോ ജന്മരാശിയുടെ
വാടകക്കടമെടുത്തുഴുതു കൂട്ടിയ നിലത്തിൽ
കൊയ്ത്തുകാലമാഘോഷിക്കാനിരിക്കുന്ന
നിലംപരിശായ മാളികൾ
കെട്ടിയൊരുക്കാമിനിയും
കൽതുറുങ്കുകൾ,
തഴുതും താക്കോൽക്കൂട്ടവും
പുതുക്കിപ്പണിയാം...
ഓർമ്മയിൽ സൂക്ഷിക്കാം
കാരാഗ്രഹത്തിൻ തുടലഴിഞ്ഞനാൾ
കാല്പദങ്ങളെയുരുമ്മിയൊഴുകിയ
കാളിന്ദിയെ...
എല്ലാക്കാലത്തിലുമുണ്ടാകും
ഋതുക്കളെ തടയാനൊരുങ്ങുന്ന
ഭൂമിയെ ചുറ്റി വിലങ്ങിടാനൊരുങ്ങുന്ന
ഹിരണ്യപരമ്പരകൾ..
മിഥ്യയുടെ പുകമറകൾ
ചിന്തേരിട്ട് മിനുസപ്പെടുത്തിയ
പരുക്കൻ നിലങ്ങളിൽ
മണ്ണുതൂവിയെഴുതാമിനി
മഞ്ഞുതുള്ളികളിലിഞ്ഞ
നനുത്ത മണ്ണിന്റെ സുഗന്ധമൊഴുകട്ടെ
വിരൽതുമ്പിൽ...
മൂടിക്കെട്ടിയ ശിശിരമരികിലൊരു
വാൽക്കണ്ണാടിയിൽ
പ്രതിബിംബിപ്പിക്കുന്നതെന്തേ
മഞ്ഞുറഞ്ഞ സമതലങ്ങളിൽ
പുകപോലെയലിഞ്ഞുമായുന്ന
മൂടൽമഞ്ഞിനുള്ളിൽ
ലോകാവസാനം വരെ
സുഖപാർപ്പിനായ് കുടീരങ്ങൾ
പണിതുയർത്തുന്നതാരോ???

No comments:

Post a Comment