Thursday, February 3, 2011

മറയിട്ട മൂടൽമഞ്ഞിനരികിൽ

പായ് വഞ്ചി തുഴഞ്ഞകലെ
ഉൾക്കടലിലയുന്നതാരോ
പട്ടുപണസഞ്ചിയുമായ്
ഉപദ്വീപിലലയുന്നതാരോ
എഴുത്തുമഷിപ്പാടിനപ്പുറമൊരു
ലോകമില്ലെന്നെഴുതി നീട്ടുന്നതാരോ
സന്ധ്യയുടെ ചെപ്പിലെ തങ്കക്കിനാക്കളെ
ചില്ലുകൂടിലുടക്കുന്നതാരോ
ചേർത്തെഴുതുന്ന വിരലുകൾക്കരികിലൊരു
നിഴൽമരമായ് വളരുന്നാതാരോ
നിളയുടെ വറ്റിയുണങ്ങിയ
തീരത്തിനരികിലിരുന്നൊരു
തുളസിമണ്ഡപമുടച്ചതാരോ
മഞ്ഞുപാളികൾക്കടിയിൽ
മൗനം സത്യത്തെയൊരു
ചിമിഴിലൊളിക്കുന്നു
ചോദ്യങ്ങൾ വേണ്ടിനിയുമെന്ന്
കടൽ പറയുന്നു..
ചുറ്റുവലയങ്ങളിലെ മേഘങ്ങൾക്കെത്രനാൾ
മഴതുള്ളികളെ തടം കെട്ടി നിർത്താനാവും
തുള്ളിതുള്ളിയായ് മഞ്ഞു വീഴുന്നു
അമാവാസിയിലെയിരുട്ടിനരികിൽ
നിലാവു മാഞ്ഞിരിക്കുന്നു
മറയിട്ട മൂടൽമഞ്ഞിനരികിൽ
ജാലകവാതിലിനരികിൽ
നിയോൺ ദീപങ്ങളുടെ
പ്രകാശത്തിൽ
ശിശിരമുറങ്ങുന്നതു കണ്ടു....

No comments:

Post a Comment