Saturday, February 19, 2011

ജപമാലയിലെന്നപോൽ

ഒരോ പുസ്തകത്താളിലും
നിറയുമക്ഷരങ്ങളുണർത്തും
ഒരു താളലയം...
ചിലേതിടയിലപശ്രുതിയിലിടറും
മറ്റുചിലതിനൊരക്ഷരകാലം തെറ്റും
തൂത്തും തുടച്ചും വൃത്തിയാക്കിയും
അടുക്കിയൊതുക്കിയൊരു
കൽമണ്ഡപത്തിലൊരുക്കുമ്പോൾ
അതിലൊരു ഭൂവർണമുണരും
നനുത്തുകുളിർന്ന മണ്ണിന്റെ
സുഗന്ധവും, സന്ധ്യാവിളക്കിന്റെ
പ്രകാശവുമതിലൊഴുകും....
കാണാതായതെന്തോ തേടി
നിമിഷങ്ങൾ ചുറ്റിയോടിയ
വൃത്തചക്രത്തിനരികിൽ
പദ്മമിട്ടിരുന്ന് ജപിച്ച യുഗങ്ങൾ
ഭദ്രമായ് പേടകങ്ങളിലാക്കി
സൂക്ഷിച്ച സ്മൃതിപത്രികകളിൽ
നിന്നിന്നുമൊഴുകുന്നുവല്ലോ
അമൃതകണങ്ങൾ.....
നീർത്തിയിട്ട പ്രപഞ്ചപരവതാനിയിലിരുന്ന്
ധ്യാനിക്കുന്നതാരോ?
ജപമാലയിലെന്നപോൽ
മുത്തുകൾ പോൽ
ചുറ്റുമൊഴുകുന്നുവോ നക്ഷത്രലോകം....

No comments:

Post a Comment