Friday, February 25, 2011

ദൂരെദൂരെയൊരു തുരുത്തിൽ

ദൂരെദൂരെയൊരു തുരുത്തിൽ
ഗ്രഹമാർഗങ്ങൾ
തേടിയോടിയ മഷിപ്പാടുകൾക്കിടയിലൂടെ
മഴപെയ്തൊഴുകിയൊരു
ശിശിരസായാഹ്നത്തിനരികിലിരിക്കുമ്പോൾ
മുന്നിൽ പലേ നാളുകളായ്
വാൽക്കണ്ണാടിയിലൂടെ കണ്ട
ചെറിയ ലോകം നക്ഷത്രവിളക്കുകൾ
കെടുത്തിയുറങ്ങുന്നതുകണ്ടു....
ദർഭകളാൽ പവിത്രം കെട്ടിയരികിലിരുന്ന
ഗ്രാമമൊരു ചിമിഴിലൊളിപ്പിച്ച പ്രകാശം
ഓട്ടുവിളക്കിലേയ്ക്ക് പകർന്നുതന്നു.
പുരാവസ്തുശാലയിലെയുലയിൽ 
തീക്കനലിൽ വെങ്കലമുരുക്കിയുണ്ടാക്കിയ
ശില്പങ്ങളിലുറഞ്ഞുകൂടിയ
ജീവൻ തേടിയോടി വലഞ്ഞവർ
ദൈവത്തെ കാണാതെ മടങ്ങി..
പിന്നെയാകാശത്തിനരികിലൊഴുകും
ഭൂവർണം തേടിയൊരു ഋതുവിലൂടെ
നടന്നെത്തിയ ശിശിരം
അപ്രതീക്ഷിതമായ് പെയ്ത
മഴയിൽ മുങ്ങി
ഗ്രാമത്തിനരികിലുറങ്ങാതെയിരുന്നു...
തുരുത്തിൽ ഗ്രഹവീഥികൾ തേടിനടന്ന
മഷിപ്പാടുകളിലൂടെയും ശിശിരമഴ
പെയ്തുകൊണ്ടേയിരുന്നു....

No comments:

Post a Comment