Thursday, February 3, 2011

 ഋതുഭേദങ്ങൾ

ഇലപൊഴിയും കാലത്തിനരികിൽ
ഇടവഴിയിൽ പകച്ചുനിന്ന
നിമിഷത്തിനപ്പുറം
ഉലഞ്ഞു തിരിയുന്ന
ഭൂപടാതിർമറയിലൊരാരവം
കത്തുന്ന തെരുവോരങ്ങളിലാരൊക്കൊയോ
മാറ്റത്തിൻ ശംഖൊലി തേടുന്നു
ചുട്ടുകരിച്ച സമാധാനദൂതിന്റെ
ചാരക്കുടങ്ങളൊഴുകിയ
നീർച്ചാലിനരികിലുറയുന്നു ശിശിരം.
പാതയോരത്തോടിയ
പുരോഗമനതേർചക്രങ്ങളിൽ
വിങ്ങിയ മുക്കുറ്റിപ്പൂവുകൾക്കരികിൽ കണ്ടു
പടയോട്ടത്തിനിടയിൽ
വഴിയിലുപേക്ഷിച്ചു പോയ ഒരു മുഖം
നെടുമ്പുരയിലെ കൽതൂണുകളുലുയുന്ന
ആരവങ്ങൾക്കിടയിൽ
നിലം പൊത്തിയ
രാജമന്ദിരങ്ങൾക്കരികിലിരുന്ന്
കാലമേ അവശിഷ്ടങ്ങളിലെന്തു
തിരയുന്നു...
പുരാതനനഗരിയുടെ
പഴയകാലപ്രതാപമേ
അഗ്നിശലഭങ്ങളിൽ
നിന്നൊരുവരിക്കവിതയോ?
പ്രാചീനമായ
ചരിത്രാഖ്യാനരേഖകളോ
ചുറ്റിലും പൂക്കുന്ന മഞ്ഞുകാലപ്പൂവുകളിലെ
മഞ്ഞുതുള്ളികൾ മനസ്സിൽ വീഴുമ്പോൾ
ജാലകവിരിമാറ്റി കാണാമിനിയും
ഋതുഭേദങ്ങൾ...

No comments:

Post a Comment