Wednesday, February 9, 2011

മന്ദാരപ്പൂവുകൾക്കരികിലായ്

വഴിയിൽ ശിശിരം
മഞ്ഞുമുത്തുകൾ തൂവിയ
പുലർകാലത്തിൽ
പാതിവിടർന്ന പൂവുപോൽ
മെല്ലെയുണർന്നു വന്നരികിലിരുന്നു
പാടിയ വാനമ്പാടിയുടെ
പാട്ടിനീണം മുഴങ്ങിയ
താഴ്വരകളിൽ ഭൂമിയൊരു
സുഖസുഷുപ്തിയിൽ നിന്നുണരുമ്പോൾ
കൈവിരൽതുമ്പിലൂയലാടിയ
നനുത്ത ശിശിരക്കുളിരിനെയിത്തിരി
സുഗന്ധധൂപപുകയിലാഴ്ത്തി
ഞാനുമിരുന്നു ഭൂമിയ്ക്കരികിൽ....
മന്ദാരപ്പൂവുകൾക്കരികിലായ്
മെല്ലെയൊഴുകിയ
കാറ്റുമൊരിത്തിരി
 ചന്ദനസുഗന്ധം തൂവിയ പടിപ്പുരയിൽ
പണ്ടെങ്ങോ പാണനുപേഷിച്ചു പോയൊരു
പുള്ളോക്കുടമൊരിതിഹാസത്തന്നീരടിപോലെ
മുന്നിലിരുന്നു...
പടിപ്പുരയും കടന്നുള്ളിലേയ്ക്കെത്തിയ
മൂടൽമഞ്ഞിനിടയിലൂടെ
ആകാശത്തിന്റെ നുറുങ്ങുതുണ്ടുകൾ
മിഴിയിലേക്കൊഴുകി
പ്രഭാതതീർഥത്തിൽ
ശിശിരം മുഖം കഴുകിവന്നപ്പോഴേയ്ക്കും
സുഗന്ധധൂപപുകയേറ്റ്
വിരൽതുമ്പിൽനിന്നൊഴുകിപ്പോയി
മഞ്ഞുതുള്ളികൾ...

No comments:

Post a Comment