Saturday, February 12, 2011

 അഗ്നിവർണം പൂശിയ മതിലിനുള്ളിൽ

അഗ്നിവർണം പൂശിയ മതിലിനുള്ളിൽ
ഒരു ചുമരുണ്ടിപ്പോളരികിൽ
കമ്പികെട്ടി തിരിച്ചയതിരിനുള്ളിൽ
പണിതുയർത്തിയ
ദിക്കുകളെ വേർതിരിക്കുന്ന ചുമർ...
പാൽക്കുടങ്ങളിൽനിന്നമൃതുതൂവിയവഴിയിൽ
പാതികരിഞ്ഞ തേയിലപുകമണമൊഴുക്കിയ
മദ്ധ്യാഹ്നവെയിലിനെ മറക്കാൻ
മഞ്ഞുകൂടയിൽ നിന്ന് സുഗന്ധപൂവുകൾ
കുടഞ്ഞിട്ട ശിശിരമേ
നിനക്കായിയെഴുതാമിനിയീ ചുമരിൽ...
ശരത്ക്കാലം പൂക്കുന്നൊരഗ്നിവർണ്ണങ്ങളിൽ....
ദൃശ്യസ്പർശത്തിൽ
നിന്നദൃശ്യതയിലേയ്ക്കൊഴുകുന്നത്
നിമിഷങ്ങളോ
മെഴുകിൻ തുണ്ടുകളോ
എഴുതാമിനിയീ ചുമരിൽ..
മഞ്ഞുറഞ്ഞ ശിശിരത്തിനരികിൽ
ചുമർചിത്രങ്ങൾക്കരികിൽ
അഗ്നിവർണം പൂശിയ മതിലിന്നരികിൽ
കൂടാരം കെട്ടി നിഴൽമുഖവുമായ്
കാവലിരിക്കുന്നവരെ
എവിടെ കിട്ടിയീ
ശിശിരകാലസന്ധ്യയിലും
മായാത്ത നിഴൽക്കൂടകൾ???
അഗ്നിവർണം പൂശിയ
മതിലിനുള്ളിലെ
ചുമരിലേയ്ക്കൊഴുകട്ടെ
മഞ്ഞിൽ മുങ്ങിയെത്തിയ
സന്ധ്യയുടെ മൺവിളക്കിലെ
വെളിച്ചം......

No comments:

Post a Comment