Friday, February 25, 2011

കിഴക്കേഗോപുരനട തുറന്നെത്തിയ ഋതു

പാരിജാതപ്പൂക്കൾ വിടർന്ന
കിഴക്കേ മുറ്റത്തിരുന്ന്
തുളസിമണ്ഡപത്തിൽ
മൺവിളക്ക് തെളിയിച്ചുണർന്ന
പുലർകാലത്തിൽ
നടന്നു നീങ്ങിയ നിഴൽപ്പാടിൽ മായാതെ
നേരിയ വിൺപട്ടിൽചുറ്റി
ഭൂമി സൂക്ഷിച്ചു ഒരു ചെറിയ ലോകം
സ്വർണനിറം പൂശിയ
ആ ലോകവാതിലൂടെയുള്ളിലേക്കൊഴുകിവന്നു
ഒരു  സമുദ്രം..
പായ്മരക്കപ്പലുകളിൽ
ലോകയാത്ര ചെയ്തുവന്ന
മനസ്സിന്റെ ദിനാന്ത്യക്കുറിപ്പിലൊഴുകി
മുത്തുചിപ്പികൾ...
പിന്നെയോരോ മുത്തിലും കണ്ടു
പലേ ലോകം...
 പലേ നിറങ്ങൾ...
അതിനിടയിലെവിടെയോ
കിഴക്കേ ഗോപുരനട തുറന്ന്
മഞ്ഞുപുടവ ചാർത്തി
ജപമാലയുമായരികിലെത്തി
ഒരു ഋതു......
അതിനുള്ളിലുമുണ്ടായിരുന്നു
നക്ഷത്രവിളക്കുകളുടെ പ്രകാശം...

No comments:

Post a Comment