Wednesday, February 23, 2011

മഞ്ഞുകാലപ്പൂവുകൾ

നിറം ചേർത്തെഴുതിയതും
നിറപ്പകിട്ടില്ലാതെയഴുതിയതും
കണ്ടിരിക്കുന്നു..
കേട്ടിരിക്കുന്നു..
വകവച്ചിരിക്കുന്നു...
ചർക്കകളിൽ കറങ്ങിയോടിയ
പരുത്തിനൂലിൽ തുന്നിയ
ആധുനിക സത്യവും കണ്ടിരിക്കുന്നു
തീർപ്പുകൽപ്പനകളുടെ
ബോധഗയയും, കാശിയുമെല്ലാം
കണ്ടുവന്ന പ്രദിക്ഷണവഴിയിൽ
മഞ്ഞുതൂവി ശിശിരതുമ്പിലൊരൂഞ്ഞാൽ
പണിയും ഭൂമിയിൽ നിൽക്കുമ്പോൾ
കൈവിരലുകളിൽ
മുദ്രകെട്ടിയെഴുതുമക്ഷരങ്ങളിൽ
ചിത്രശലഭങ്ങൾ കൂട്ടായിരിക്കട്ടെ
അതിലെന്തിനൊരു കുറവ്
മുറ്റത്തെയരളിപ്പൂമരങ്ങളിൽ
നിന്നെത്രയോ
ചിത്രശലഭങ്ങൾ ബാല്യച്ചിറകിലേറി
പറന്നു പോയിരിക്കുന്നു...
നിറം ചേർത്തും
നിറപ്പകിട്ടില്ലാതെയുമെഴുതി
നിറയ്ക്കുമൗദാര്യക്കൂടകളെ
ഭൂമി ശ്രദ്ധിക്കുന്നേയില്ലയിപ്പോൾ
ഭൂമിയുടെ പൂക്കൂടയിൽ
ശിശിരം നിറച്ചുവല്ലോ
മഞ്ഞുകാലപ്പൂവുകൾ ......

No comments:

Post a Comment