Monday, February 7, 2011

ജാലകത്തിനരികിലെ മാമ്പൂക്കൾ

ജാലകങ്ങളടയ്ക്കാമിനി
ഉടഞ്ഞചില്ലുപാളികൾ മാറ്റി
മഹാഗണിയിൽ പണിയാമിനിയവയെ
കൽച്ചീളുകൾ വീണവയത്രവേഗമുടയില്ല...
സന്ധ്യയുടെ വെളിച്ചമുണർന്നൊരറവാതിലിൽ
ഗ്രാമമെഴുതുമ്പോൾ പാളിനോക്കാനൊരു
മിഴിയനക്കമുണ്ടായിരുന്നില്ല..
അന്നു ജാലകങ്ങൾക്കരികിൽ
മാമ്പൂക്കൾ വീണിരുന്നു
ഉടയാനായ് ജാലകങ്ങളിലന്ന്
ചില്ലുപാളികളുമുണ്ടായിരുന്നില്ല..
ജാലകവിരി മാറ്റി വിരൽതുമ്പിലുടക്കിയോരീ
ചില്ലുപാളികളുമെടുത്തുമാറ്റാം
ചോര പൊടിഞ്ഞേയ്ക്കാമിത്തിരി...
ദിനാന്ത്യങ്ങളുടെ ബാക്കിപത്രത്തിൽ
ഭദ്രമായടച്ചു സൂക്ഷിക്കാമിനിയീ
നഗരകൂടാര ചില്ലുകൾ....
മാമ്പൂക്കൾ കൊഴിയുന്ന
ഗ്രാമത്തിനരികിൽ
കടഞ്ഞെടുക്കാമിനിയൊരുഷസ്സിനെ
ജാലകവിരി മാറ്റി
മനസ്സിൽ ശ്രുതിയിടുന്ന
സോപാനങ്ങളിലെയുഷസ്സിനെ...

No comments:

Post a Comment