Wednesday, February 23, 2011

ജാലകവാതിലിനരികിലെ കാഴ്ച്ചകൾ

നടക്കല്ലുകളേറി മുകളിലിരുന്നാൽ
നടന്നുകയറിവരുമൊരു നിഴൽ
പിന്നെയേതെങ്കിലും
കടൽത്തീരമണലിലിരിക്കാമെന്ന്
വച്ചാലവിടെ തിരയേറ്റമാവും
പിന്നെയീ ശിശിരമുറയും
ജാലകവാതിലിനരികിൽ
നിന്നാൽ കാണുന്നതോ
നിരത്തിൽ
പുകതുപ്പിയോടുമൊരാവലാതികൾ..
തിരക്കില്ലാതെയിരിക്കും
നേരമൊന്നാലോചിക്കാമെന്ന്
കരുതിയാലോ
അതിനനുബന്ധമെഴുതിനീങ്ങുമാ
മഷിതുള്ളികൾ..
കുറെയേറ നാളായല്ലോ
എഴുതിമുക്കിയിട്ടതൊന്നുമുണങ്ങിയില്ലേ
ഇസ്തിരിയിടാനിനിയേതൊരോർമ്മ?
പുകഞ്ഞുകത്തിയ വസ്ത്രം പോലെ
ഓട്ടവീണ കടലാസുതുണ്ടുകളിൽ
കുറെ നിമിഷങ്ങളെ പശ തേച്ചൊട്ടിക്കാം
പിന്നെയാമഷിച്ചെപ്പുകളിൽ
മയങ്ങുമാരവങ്ങളെ കാറ്റിൽ പറത്തിയേക്കാം
കെട്ടുപൊട്ടിയ പട്ടങ്ങൾ പോലെയവയൊഴുകട്ടെ
ശിശിരകാലമേഘങ്ങൾക്കരികിൽ...

No comments:

Post a Comment