Monday, February 14, 2011

പുതിയ സർഗങ്ങളുണരുമുൾക്കടലിൽ

എഴുതിതീർക്കാനാവാത്തൊരു
സർഗമാണിപ്പോൾ മുന്നിൽ...
പണ്ടെന്നോ പകച്ചുനിന്നൊരു
നീർമുകിലെന്നേ പെയ്തൊഴിഞ്ഞിരിക്കുന്നു
വാനിൽ നിന്നൊരു കനലായ്
കത്തിവീണ ശരത്ക്കാലത്തിൽ
നിന്നെത്രയോ വർണ്ണചെപ്പുകൾ
ഭൂമിയിലേയ്ക്കൊഴുകി...
അവയെല്ലാമൊരു ശീതകാലപ്പുരയിൽ
ഭദ്രമായ് സൂക്ഷിയ്ക്കാം
ഒരോ വർണ്ണവുമൊരു തുള്ളിയായ്
വിരലിലിറ്റിച്ചൊരാറ്റിൻ തീരത്തെ
അരയാൽശിഖരത്തിൻ തണലിൽ
നിന്നുമെഴുതാം...
എഴുതിതീർക്കാനാവാത്തൊരു
സർഗം വഞ്ചിതുഴഞ്ഞൊഴുകുന്ന
കടലേയ്ക്ക് യാത്രയാവാമിനി..
പുതിയ സർഗങ്ങളുണരുമുൾക്കടലിൽ
മഞ്ഞുകാലപ്പൂവുകളുമായൊഴുകുന്ന
ശിശിരവുമെഴുതിയേക്കാം
ഋതുക്കൾക്കായൊരുപാഖ്യാനം....

No comments:

Post a Comment