Monday, February 14, 2011

 മൺവീണയിൽ സ്വരങ്ങളുണരുമ്പോൾ

ഒരു തുടം എണ്ണയിൽ
നിറഞ്ഞു കത്തി സന്ധ്യ...
ഒരു സാമ്രാജ്യത്തിന്റെയവശിഷ്ടങ്ങളെ
സ്ഥാനോരഹണം ചെയ്ത്
മകരം തൂത്തെടുത്തയിത്തിരി
മഞ്ഞുസൂക്ഷിക്കാനാവാതെയോടി
നിമിഷങ്ങൾ....
നിമിഷങ്ങൾക്കരികിൽ
നിലനിൽക്കാത്തതെന്തോ  തേടി
ചെങ്കോലുകൾ...
പുറമേ മോടികൂട്ടിയ
രംഗമണ്ഡപങ്ങളിൽ
ചിലമ്പിട്ടു നടന്നു വിധി
തുള്ളിക്കുലുക്കിയ നിഴൽപ്പൊട്ടുകളിൽ
വീണു തകർന്ന മൗനം പണിത
കോട്ടയിലൊരു രംഗോലിചിത്രമെഴുതി
ലോകം...
മൺവീണയിൽ സ്വരങ്ങളുണരുമ്പോൾ
പ്ലാവിലകൾ കൂട്ടിക്കെട്ടി
കളിവീടു വച്ചു ബാല്യം
മാമ്പൂക്കൾ കൈയിലമ്മാനമാടിയ
ഗ്രാമത്തിനുള്ളിലെ
നികത്താത്ത പാടങ്ങൾക്കരികിൽ
വാനിലെ നക്ഷത്രങ്ങൾക്ക്
കൂട്ടിരുന്നു ശിശിരം.......

No comments:

Post a Comment