Wednesday, February 2, 2011

അശോകപ്പൂവുകൾ

ശിശിരത്തിനരികിൽ
മുറ്റം നിറയെ അന്നൊക്കെ
അശോകപ്പൂക്കളായിരുന്നു
ബാല്യത്തിന്റെ പുസ്തകത്താളിൽ
കുറെയേറെ പൂവുകളെ
ഭദ്രമായ് സൂക്ഷിച്ചിരുന്നു...
പെരുമഴക്കാലത്തിനൊടുവിൽ
വളർന്നു പെരുകിയ
ചിതൽക്കൂട്ടിലവയൊരോർമ്മയായി മാഞ്ഞു
അശോകത്തണലിൽ
കരിയിലകൾ കൂട്ടി തീയിട്ട്
തണുപ്പാറ്റിയ ബാല്യം
മഹാഗണിമരങ്ങൾക്കരികിലെ
പെരും നിഴലുകൾ കണ്ടതിശയിച്ചിരുന്നു
ചുറ്റും കെട്ടിയ കമ്പിമുൾവേലിയിൽ
ആരോ എഴുതിതൂക്കിയിടുന്ന
അസത്യത്തിന്റെ മുറിപ്പാടുകളിൽ
ചോരയിറ്റുമ്പോഴും
ശിശിരമേ നീ മനസ്സിൽ
മഞ്ഞു തൂവുന്നു...
മുറിവുകളുണക്കുന്നു....
നക്ഷത്രമിഴിയിലെ സ്വപ്നങ്ങൾ
അശോകപ്പൂവുകൾ പോലെ
ഭാരരഹിതമായ തൂവൽപോലെ
ചുറ്റിലുമൊഴുകുന്നു
മഞ്ഞുമൂടിയ ജാലകവിരി മാറ്റി
കൈവിരൽതുമ്പിലുരുമ്മിയരികിലിരിക്കുന്നു
ചന്ദനസുഗന്ധമുള്ള സന്ധ്യയിൽ
ചുറ്റുവലയങ്ങളിൽ നിന്നകന്ന്....

No comments:

Post a Comment