Monday, February 14, 2011

വിസ്മയതുണ്ടുകൾ

എഴുതിക്കൂട്ടിതുന്നി
തുകൽപ്പുറംചട്ടയിൽ തിളങ്ങിയ
പുസ്തകമായി മാറി ലോകം....
മിഴി നിറയെ കണ്ടുനടന്ന
ഗ്രാമവുമൊരപരിഷ്കൃതനഗരവും
കോലായിലിരുന്നെഴുതിപണിത
സൗധങ്ങളിൽ
പടർന്നൊരച്ചടിമഷിയിൽ
തുള്ളിയാടുന്ന ലോകം....
തൂശനിലയിൽ നിറഞ്ഞ
നിവേദ്യത്തിനരികിൽ
ഹരിശ്രീയെഴുതിയ ഓട്ടുരുളിയിലെ
ധാന്യമണികളിൽ നിന്നൊഴുകിയ
അറിവിന്നാദ്യക്ഷരങ്ങൾ
മനസ്സിലൊരു ചിത്രമെഴുതുമ്പോൾ
തുന്നിക്കൂട്ടിയ ലോകമൊരു
സമാന്തരരേഖയായ്
തീവണ്ടിപ്പാളങ്ങളിലോടി...
നിമിഷങ്ങളുടെ സഞ്ചിയിലൂടെ
ചോർന്നൊഴുകിയ ദിനരാത്രങ്ങൾക്കരികിൽ
പാതിയെഴുതിയ പുസ്തകമെടുത്തരികിൽ
നിന്നു ഭൂമി...
ഓട്ടുരുളിയിൽ നിന്നുണർന്ന്
വിരലിലുരുമ്മിയ വിസ്മയതുണ്ടുകൾ
കൊരുത്തരികിലൊരു
പരിഭവമില്ലാതെയെത്തുന്ന
ഋതുക്കളുടെ ചെപ്പിൽ നിറയ്ക്കാമിനി..
ശിശിരത്തണുപ്പാറ്റാൻ പണിയും
നെരിപ്പോടുകൾക്കരികിൽ
തുകൽപ്പുറചട്ടയിലെ ലോകവുമെഴുതി
നിറയ്ക്കട്ടെയവരുടെ കനൽതുണ്ടുകൾ..
സമാന്തരങ്ങളിൽ
ഋതുക്കളോടൊപ്പം
ഊഞ്ഞാൽപ്പടിയിലിരിക്കാമിനി....

No comments:

Post a Comment