Sunday, February 27, 2011

മുനമ്പിലെ സമുദ്രമങ്ങനെ

മുനമ്പിലെ സമുദ്രമങ്ങനെ
ഒരുൾക്കടലും കടലും
ചേർന്ന മഹാസമന്വയം
അതിനിടിയിൽ ശിരസ്സിലെ
ഭാരച്ചുമടൊഴുക്കും പുഴകളനേകം
അതിനരികിലിരുന്നെഴുതുകയെന്നതൊരു
അസ്വസ്ഥമായ അവസ്ഥാവിശേഷമെങ്കിലും
മനസ്സിലെ ശംഖിൽ നിറഞ്ഞൊഴുകും
സമുദ്രമങ്ങനെ വിരലിൽതുമ്പിലൊരു
വിസ്മയമാവുമ്പോൾ
എഴുതാതിരിക്കുന്നതെങ്ങനെ...
വാതുവച്ചൊരു ചതുരംഗക്കളത്തിൽ
തപസ്സു ചെയ്യുന്നതാരോ
യുഗങ്ങൾ പൊരുതും രണാങ്കണത്തിലൊരു
തമ്പടിച്ചുപാർക്കുന്നതാരോ
മുനമ്പിനരികിൽ വന്നാൾക്കൂട്ടമെയ്യും
അസ്ത്രമെല്ലാം
ദിശതെറ്റിയെങ്ങോ പോകുന്നു
ദിശമറന്നൊഴുകുന്നതെല്ലാമങ്ങനെ
തന്നെയാവും....
മനസ്സിലെ ശംഖിലൊഴുകിയ
കടലെന്നും കിഴക്കെചക്രവാളത്തിലായിരുന്നു
ശരിയായ ദിശയിൽ.....
മുനമ്പിലെ കടലങ്ങനെ
അതിനൊരു മാറ്റവുമില്ലല്ലോ...

No comments:

Post a Comment