മഞ്ഞുതുള്ളികളിറ്റുവീഴുന്ന പടിപ്പുരവാതിലിനരികിൽ
മഞ്ഞുപാളികളിലൂടെ
പ്രാചീനമായൊരുപാഖ്യാനത്തിലെ
പലേ സ്കന്ദങ്ങളും നടന്നുനീങ്ങവെ
യന്ത്രപ്പുരയിലരഞ്ഞുതീർന്നൊരിത്തിരി
കടലാസിൽ മുഖമാഴ്ത്തിയിരുന്നു
നിമിഷങ്ങൾ....
കുടഞ്ഞിട്ട കുറെ അക്ഷരപ്പൂക്കളിലെ
സുഗന്ധമൊഴുകിയ
വിരലുകളിൽ വന്നുറങ്ങി ശിശിരം....
മുന്നേയോടിയ വിധിയൊരു
വിഷമവൃത്തത്തിൽ ചുറ്റിയിടവഴിയും
കടന്നൊരു താഴ്വരയിലെ മൗനത്തിനുള്ളിലൊളിച്ചു..
സ്വർണ്ണചരടുകളിൽ രുദ്രാക്ഷംകെട്ടി
മന്ത്രം ചൊല്ലിയാൽത്തറയിലിരുന്നൊരു
സായാഹ്നചെപ്പിൽ നിറഞ്ഞ
കനലിലിത്തിരി മഞ്ഞുതൂവിയെത്തിയ
സന്ധ്യയ്ക്കരികിൽ
ചെമ്പകപ്പൂവുകൾ തേടി നടന്നു ഭൂമി
ഗ്രന്ഥങ്ങൾക്കുള്ളിൽ
സത്യത്തോടൊപ്പം
പണ്ടെങ്ങോ ഭദ്രമായ് സൂക്ഷിച്ച
പൂക്കളും കരിഞ്ഞുണങ്ങിയിരുന്നു....
സുഗന്ധധൂപങ്ങൾ പുകഞ്ഞ
ദീപാരാധാനയ്ക്കൊടുവിൽ
പടിപ്പുരവാതിലടയ്ക്കാനൊരുങ്ങിയ
ഗ്രാമത്തിനരികിലായൊരക്ഷരതെറ്റിൻ
ഉപാഖ്യാനമെഴുതിയിട്ടതാരോ??
മൂടൽമഞ്ഞാലൊരു മുഖപടം
നെയ്യുന്നതാരോ??
മഞ്ഞുതുള്ളികളിറ്റുവീഴുന്ന
പടിപ്പുരവാതിലിനരികിൽ
മറഞ്ഞിരിക്കുന്നതാരോ??
No comments:
Post a Comment