Sunday, February 20, 2011

നിമിഷങ്ങൾ തിരക്കിട്ടോടിയ പ്രഭാതത്തിൽ

നിമിഷങ്ങൾ തിരക്കിട്ടോടിയ
പ്രഭാതവും കടന്ന്
ദിനാന്ത്യങ്ങൾ തേച്ചുമിനുക്കിയ
പടിപ്പുരവാതിലിരുന്ന്
സായാഹ്നവെയിൽതുമ്പിലൂർന്നിറങ്ങിയ
സ്വർണതുണ്ടുകളെ
ഗ്രാമം സന്ധ്യാവിളക്കിലാക്കുമ്പോൾ
അരികിലെ ലോകമൊരപരിചിത
സഞ്ചാരിയെപ്പോൽ
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
നടന്നുനീങ്ങുന്നത് കണ്ടു.
അതിനിടയിലെവിടെയോ
സന്ധ്യ നേദിച്ച നൈവേദ്യം നുകർന്ന്
താമരപ്പൂക്കളിലുറങ്ങി ശിശിരം...
നിമിഷങ്ങളുടെ പൂക്കൂടയിൽ
മറന്നുവച്ചോരുപപാഠപുസ്തകത്തിനിടയിൽ
ഒരു നക്ഷത്രസ്വപ്നമുറങ്ങി..
ഉറങ്ങിയുണർന്ന ഭൂമിയ്ക്കായ്
കുടമുല്ലപ്പൂവുകൾ
സുഗന്ധലേപനപ്പാത്രവുമായ് വന്നനേരം
വിരലുകൾക്കുള്ളിൽ ലോകം
ഒരു ഋതുവായി മാറി...
പിന്നെയതേ ലോകം
തേച്ചുമിനുക്കിയ ഓട്ടുവിളക്കിനരികിൽ
അഗ്നിയുടെ മൃദുഭാവമുൾക്കൊണ്ട്
നിറഞ്ഞു കത്തി...
വീണ്ടും പടിപ്പുരവാതിനരികിലൂടെ
നിമിഷങ്ങൾ തിരക്കിട്ടോടിയ
പ്രഭാതത്തിൽ നടുമുറ്റത്ത് വിടർന്ന
ശിശിരകാലപ്പൂവുകളെ
പൂക്കൂടയിലേറ്റി നടന്നു ഭൂമി...

1 comment:

  1. മറന്നുവച്ചോരുപപാഠപുസ്ത്കത്തിനിടയിൽ
    ഒരു നക്ഷത്രസ്വപ്നമുറങ്ങി
    "ഉറങ്ങിയുണർന്ന ഭൂമിയ്ക്കായ്"


    ആശംസകൾ………..

    ReplyDelete