Saturday, February 12, 2011

ഋതുക്കളുടെ ഊഞ്ഞാൽപ്പടിയിൽ

ഋതുക്കളുടെ ഊഞ്ഞാൽപ്പടിയിലൊരു ദേശാടനപ്പക്ഷിയെപ്പോലെയിരുന്നു ശിശിരം
വൃക്ഷശിഖരങ്ങളിൽ മഞ്ഞിനാൽ നെയ്ത
കൂടിനുള്ളിലിരുന്ന്
നൈലൊഴുകും ഭൂഖണ്ഡത്തിൽ
ചരിത്രമൊരുപാഖ്യാനമെഴുതിയപ്പോൾ
ചെറിയ ചിപ്പികളിൽ കടൽ
ഭദ്രമായ് സൂക്ഷിച്ച മുത്തുകൾ
തേടുന്ന ഭൂമിയെ കണ്ടു
വാതിൽപ്പടിയിൽ തൂക്കിയ
ഓട്ടുമണിയുടെ നാദം മുഴങ്ങിയ
ഗ്രാമത്തിലെ പാതയോരത്ത്
വൈദ്യുതദീപങ്ങൾ

മങ്ങിക്കത്തിയ സന്ധ്യയിൽ
ചരിത്രത്തെ ചുമരലമാരയിലാക്കി
പിന്നെയൊരാധുനികകൃതിയുടെ
അർഥം തേടി വൃത്തവ്യാകരാണാഖ്യാനങ്ങളിൽ
മിഴിയാഴ്ത്തിയൊന്നും മനസ്സിലാവാതെ
ആറ്റിറമ്പിൽ പായ് വഞ്ചി തുഴഞ്ഞുവന്ന
ശിശിരക്കുളിരിൽ മുങ്ങിയ പഴം പാട്ടിൻ
ശീലുകൾ മനസ്സിലേയ്ക്കിട്ടു
നടക്കുമ്പോൾ
തിരക്കിട്ടോടിയ നിമിഷങ്ങൾക്കരികിൽ
വ്യതിചലനമായികതയിൽ
മയങ്ങാതെ
ചെറിയ ശംഖുകളിൽ മഞ്ഞുതുള്ളിയായ്
പൂക്കാലമായഗ്നിയായ്,
മഴയായ്പെയ്തിലപൊഴിഞ്ഞ്
വീണ്ടുമുറയും സങ്കല്പങ്ങളെ
മുത്താക്കി മാറ്റി
ഊഞ്ഞാൽപ്പടിയിലിരുന്നാടുന്ന
ഋതുക്കളെ കണ്ടു.....

No comments:

Post a Comment