Wednesday, February 2, 2011

മനസ്സേ ഋതുക്കളെപ്പോലെയാവുക


മനസ്സേ
ഋതുക്കളെപ്പോലെയാവുക
വസന്തകാലപ്പൂവുകളുണർത്തുന്നവർ
ഗ്രീഷ്മച്ചൂടിലുരുകുന്നവർ
പെരുമഴയായൊഴുകുന്നവർ
ശരത്ക്കാലവർണം തൂവുന്നവർ
മഞ്ഞുതുള്ളികൾ ശിരസ്സിലേറ്റുന്നവർ
ഋതുക്കൾക്കൊരു വിഭജനരേഖയില്ല
പരാതിചെപ്പുകളില്ല
ചിമിഴിൽ ദു:ഖമില്ല
ഒരു കാലത്തെയും ഭയമില്ലാതെ
ഋതുക്കളങ്ങനെ നൃത്തം ചെയ്യുമ്പോൾ
മനസ്സിനെന്താശ്വാസം
അപസ്വരങ്ങളുടെ ചില്ലുകൾക്കുള്ളിലും
സ്വരമായുണരുന്നവർ
അശാന്തിയുടെ നാലുചുമരുകൾക്കുള്ളിലും
സ്വാന്തനമേകുന്നവർ
വിരലുകളിൽ വന്നിരുന്ന് കുശലം
പറയുന്നവർ
മിഴിയിൽ നക്ഷത്രമാകുന്നവർ
പാതയോരത്തു പൂക്കളുമായ്
കാത്തിരിക്കുന്നവർ
നിറം മങ്ങിയോരോർമ്മപ്പാടിൽ
ചന്ദനം പൂശുന്നവർ
മനസ്സേ
ഋതുക്കളെപ്പോലെയാവുക...
മാറ്റങ്ങളുടെ മാറാപ്പ്
മൂടൽമഞ്ഞിനരികിലുപേക്ഷിക്കുക
ഭാരരഹിതമായ തൂവലുകളാലെഴുതിയിടാം
ഒരു സർഗം
ഋതുക്കൾക്കായി....

No comments:

Post a Comment