Saturday, February 26, 2011

ജാലകവിരിമാറ്റി കാണാമിനി ഭൂവർണങ്ങൾ

ഋതുക്കൾ ചാർത്തും
ചമയങ്ങൾക്കെന്താകർഷീണിയത
സദൃശ്യമായൊരു പ്രകൃതിയിൽ
സമാനമായെതെന്തന്നറിയാൻ
ചായക്കൂട്ടുകളിൽ മുങ്ങുന്നരികിലൊരു ലോകം
പിന്നെ താൽക്കാലികതമ്പുകളിലിരുന്ന്
ഭാഗം പറയുന്നവരോടെന്തുപറയാൻ
മഷിപ്പാടുകളിലുടക്കിവീണ
പലേമുഖങ്ങൾ നടന്നുനീങ്ങുമിടവേളയിൽ
അരുളപ്പാടുകളനേകമുയരുന്നുവല്ലോ
അരികിലൊരിടനാഴിയിൽ
ന്യായവാദങ്ങളുടെ നിഘണ്ടുവിൽ
അന്യായങ്ങളുടെ
അസംസ്കൃതിയെഴുതി നീട്ടുന്നതാരോ?
ഒന്നുമുരിയാടാതെ
മിഴിപൂട്ടിയിരിക്കാനാവുന്നില്ലല്ലോ
നനഞ്ഞ വിറകുപുകയും
നെരിപ്പോടുകൾക്കരികിൽ നിന്നിനിയൊരു
സുഗന്ധധൂപങ്ങൾ പുകയും
സോപാനനടയിലേക്ക് പോകാം
അകിലും ചന്ദനവും പൂക്കും
വാക്കുകളെ തേടാം
വാക്കിനുള്ളിലെത്രയോയക്ഷരങ്ങൾ
അക്ഷരങ്ങളുടെ കൂടയിൽ
നിറയുമമൃതിൽ മുങ്ങാം
ജാലകവിരിമാറ്റി കാണാമിനി
ഭൂവർണങ്ങൾ...

1 comment:

  1. ഈയിടെ വായിക്കാനായതില്‍
    ഏറ്റവും മികച്ച കവിത

    ReplyDelete