Wednesday, February 16, 2011

ഋതുക്കൾക്കായൊരു സർഗം

ഇരുണ്ട്പുലർന്നപ്പോഴാണതാദ്യംകേട്ടത്
വിശ്വസിക്കാനായില്ല
പിന്നെ വിശ്വസിക്കാനായൊരു ശ്രമം
നൈലിനരികിലെ വിപ്ളവഗാനം പോലെ
വിസ്മൃതിയുടെ തുമ്പിലെ കടലാസ്പട്ടം
അതങ്ങ് പറന്നു പോയി
ഇടയിലുരുണ്ട് കൂടിയോരക്ഷരങ്ങൾ
വിരൽതുമ്പിൽ കൂടുകെട്ടി
അതിനവകാശികളുണ്ടായിരുന്നില്ല
പിന്നെയവകാശവാദം
പറഞ്ഞടർത്തിയെടുത്ത
ഭൂമിയുടെയരികിൽ കുറെപ്പേർ
കൊടിതോരണങ്ങളുമായ് യാത്രചെയ്തു
അതൊരു വിരസമായ
ആവർത്തനമായിരുന്നു..
അതിരുതിരിച്ചു കെട്ടിയ വേലിയ്ക്കൽ
വളർന്ന പാരിജാതങ്ങളിൽ
സന്ധ്യ പൂത്തുലഞ്ഞു...
തിരിഞ്ഞുനോക്കിയ നേരം
കാറ്റിലുലഞ്ഞുലഞ്ഞാ
കടലാസ് പട്ടം എവിടെയോ
മാഞ്ഞിരുന്നു...
പിന്നെ കടൽത്തീരത്തിരിക്കുമ്പോൾ
സന്ധ്യയുടെ പട്ടുചേലാഞ്ചലത്തിൽ
നക്ഷത്രങ്ങൾ നെയ്തെടുത്തു
ഋതുക്കൾക്കായൊരു സർഗം..

No comments:

Post a Comment