Tuesday, February 8, 2011

 ഇലപൊഴിയും ശിശിരവൃക്ഷച്ചോട്ടിൽ

ഇലപൊഴിയും ശിശിരവൃക്ഷച്ചോട്ടിൽ
പുൽപ്പായയിട്ടിരിക്കാമിനി
തടുത്തുകൂട്ടി തീയിട്ട കരിയിലകൾ
ശിശിരത്തണുപ്പാറ്റിക്കുമ്പോൾ
ശരശയ്യയിൽ മാഞ്ഞൊരു
യുഗത്തിന്നോർമ്മകളെഴുതിയൊരിതിഹാസം
മുന്നിലുണരുന്നു...
അസ്ത്രം നിറഞ്ഞോരാവനാഴികൾ
അരികിലാരെയോ
ശരശയ്യയിലാക്കാനൊരുങ്ങുന്നു
ശംഖുകളിൽ 
നിന്നുണർന്നുവന്നോരാദ്യാക്ഷരത്തിനെ
വിരലിലേറ്റുമ്പോൾ
മനസ്സിലെ ഭാരമൊഴുകിപ്പോകുന്നു
പാഴ്വസ്തുക്കളിൽ
പണിതുയർത്തിയ മോടിയേറിയ
പടിപ്പുരകൾക്കരികിൽ തൂവിയ
മധുരതുണ്ടുകളെടുത്തോടി വീണ
യുഗത്തിനരികിൽ
കൈനീട്ടിനിൽക്കാത്ത ഋതുക്കളെ
മനസ്സും നിങ്ങളെപ്പോലെ...
കറുത്തപക്ഷിക്കഥകളെഴുതി
താഴേയ്ക്കൊഴുകുന്നവരേ..
കൈനീട്ടമെറിയേണ്ടനിയുമാരും
ഭിക്ഷാംദേഹികളിവിടെയില്ലന്നറിഞ്ഞാലും...
ഋതുക്കളേ!!!
ചുറ്റുവലയത്തിനാണികളടർത്തി
നമുക്കൊരു യാത്ര പോകാം..
ദൂരെയൊരിലപൊഴിയും
ശിശിരവൃക്ഷത്തിനരികിൽ
നിഴൽപ്പാടില്ലാത്തൊരിത്തിരി
മണ്ണിലൊരു നാലുകെട്ടു പണിയാം..
പഴമയുടെ ചന്ദനഗന്ധമുള്ള
പടിപ്പുരകൾ കെട്ടിയുണ്ടാക്കാം..
നക്ഷത്രമിഴിയിൽ
മിന്നുന്ന സന്ധ്യാദീപങ്ങൾക്കരികിൽ.
അവിടെയിരുന്നിനിയെഴുതാം...

No comments:

Post a Comment