Wednesday, February 16, 2011

സന്ധ്യാരാഗം

നിശബ്ദതയുടെയുടഞ്ഞ
ചില്ലിലെന്നേ ശിശിരമുറഞ്ഞു
മുന്നിൽ വർണതുണ്ടുകളായ്
ചിത്രശലഭങ്ങളായക്ഷരങ്ങളൊഴുകുന്നു
മഷിതുള്ളികളിറ്റിച്ച കടലാസിനരികിൽ
ഋതുക്കൾ നെയ്തെടുത്ത
വർണ്ണനൂലുകൾ തേടിയൊരു
പുലരിയിൽ ആകാശത്തേയ്ക്കൊരു
വാതിൽ പണിതു ഭൂമി
പിന്നെയാശീതസമരങ്ങളുടെ
ശീതീകരിച്ച യുദ്ധഭൂമിയിൽ
ഉറഞ്ഞ മനസ്സുമായ്
നിന്നു ഒരു യുഗം..
പിന്നിട്ട വഴിയിലെ മൺപാത്രങ്ങളിൽ
പെയ്തൊഴുകിയ മഴതുള്ളികൾ
കടലിലേയ്ക്കൊഴുകിയ
മഴക്കാലത്തിൽ ഓടുപാകിയ
നാലമ്പലത്തിലിരുന്ന് കണ്ട
ലോകമൊരു ചെറിയ
നീർച്ചാലായിയുറഞ്ഞു
പിന്നെയൊരവധിക്കാലസന്ധ്യയിൽ
മനസ്സിൽ പൂത്ത ശരത്ക്കാലത്തിൽ
ഭൂവർണ്ണങ്ങൾ തേടി
അവിടെയിലപൊഴിഞ്ഞൊരുമരക്കൊമ്പിൽ
കൂടുകെട്ടാൻ കാത്തിരുന്ന
ശിശിരമെഴുതിയതെല്ലാമൊരു
ശീതക്കാലപ്പുരയിൽ സൂക്ഷിക്കാം
ഇനിയും വരും
തളിർചില്ലകളിൽ
പൂക്കാലവുമായ് ഋതുക്കൾ...
വിരലിലൊഴുകുന്ന
ഹൃദ്സ്പന്ദനലയത്തിൽ
നിമിഷങ്ങളെയളന്നു തീർക്കുന്ന
ദിനാന്ത്യങ്ങളിൽ
ഇനിയൊരു സന്ധ്യാരാഗമുണർത്താം.....

No comments:

Post a Comment