Tuesday, November 16, 2010

 ഹൃദ്സ്പന്ദനങ്ങൾ


ജനസഞ്ചയം കാണുന്നു
രാജസിംഹാസനങ്ങളുടെ
അവിശ്വസ്ഥത...
അക്ഷരലിപികൾ കാണുന്നു
അനന്തകാലത്തിന്റെ
ആദിമന്ത്രങ്ങൾ...
പട്ടും വളയും പ്രശംസാപത്രവും
മോഹിച്ചൊതുങ്ങുന്നു
അറിവിന്റെ ഗർവ്..
ഉടയുന്ന സ്ഫടികപാത്രങ്ങളിൽ
നിറയുന്നു അസ്ഥിരത
കോലകങ്ങളിൽ കോലങ്ങൾ
തീർത്താടുന്നു ദുരഭിമാനം...
കുരുതിക്കളങ്ങളിൽ
വീണുമരിക്കുന്നു അഭിമാനം..
എഴുതുന്ന വാക്കുകളെ
നെരിപ്പോടിലൊതുക്കി
ചരമഗീതമെഴുതുന്നു
നിരർഥകത..
ഉദയവുമസ്തമയവും
കാൽക്കീഴിലൊതുക്കുന്നു
പട്ടുപണസഞ്ചികൾ..
ചതുരക്കളങ്ങളിൽ
മുഖം താഴ്ത്തിനിൽക്കുന്നു
നീതിതുലാസുകൾ...
അഴിമുഖങ്ങളിൽ
നങ്കൂരമിടുന്ന മഹാനൗകകളിൽ
യാത്രപോകുന്നു
ദേശാടനക്കിളി.....
മഹാസമുദ്രങ്ങളിലൂടെ..
ദ്വീപസമുച്ചയങ്ങൾ താണ്ടി...
ഉപദ്വീപുകൾ താണ്ടി....
ആദിമധ്യാന്തങ്ങളിൽ
എല്ലാറ്റിനും സാക്ഷി നിന്നു
ചക്രവാളം ....

1 comment:

  1. ഈ പേജിലെ എല്ലാ കവിതകളു, വായിച്ചു. ഒരോന്നിനും പ്രത്യേകമായി കമ്മന്റ് എഴുതാതെ ഒന്നിലേക്കു ചുരുക്കുന്നു. നല്ല ഭാഷാ സ്വാധീനം.. മനോഹരമായ ശൈലി, എഴുതാനുള്ള അഭിനിവേശം,ചിന്താ ഗർഭമായ വിഷയങ്ങൾ,ശ്രീ പദ്മനാഭ ഭക്ത,എല്ലാം ഒത്തിണങ്ങിയയ ഒരു മലർവാടിയിൽ എത്തിപ്പെട്ട ഒരനുഭൂതി.. നന്ദി.. നന്ദി ഒരായിരം നന്ദി.

    ReplyDelete