Monday, February 21, 2011

മുത്തുകൾപോലെ തിരിയുന്ന ഗ്രഹങ്ങൾക്കരികിൽ

വലയങ്ങളിൽ
തിരോധാനം ചെയ്തതൊരു
യുഗമായിരുന്നുവോ
ഇമയനക്കും നേരമോടിപ്പോയ
ബ്രഹ്മവൽസരങ്ങൾ പോൽ
യുഗാന്ത്യപ്രളയത്തിനൊടുവിൽ
മിനുസപ്പെടുത്താനാവാത്ത
പരുക്കൻ യാഥാർഥ്യങ്ങളിൽ
മഞ്ഞുതൂവിയ ശിശിരവുമുറഞ്ഞു
തീർന്നിരിക്കുന്നു..
ഇനിയുമുറയാത്തതൊന്നുമാത്രം
നിലാവിന്റെ പേടകങ്ങളിലൊളിപാർക്കുന്ന
മിഴികൾ...
അതുറയാത്തന്തെന്തേ??
ദക്ഷിണധ്രുവത്തിലേയ്ക്കുള്ള
പാതയ്ക്കിരുവശവും വളർന്നുയർന്ന
മുൾവാകകളിലുടക്കിയ നിമിഷങ്ങൾ
പാളം തെറ്റിയ സ്വപ്നച്ചിറകിൽ തൂങ്ങിയൊരു
കായൽക്കരയിലിരുന്നെഴുതുന്നു...
സ്വപ്നയാഥാർഥ്യങ്ങളുടെ
ദൂരമളന്നളന്നെഴുതാനാവാതെ
ഇടുങ്ങിയൊരിടനാഴിയിലൂടെ
മറ്റൊരു യുഗമോടിപ്പോയി
ചരടിൽ കോർത്ത മുത്തുകൾപോലെ
തിരിയുന്ന ഗ്രഹങ്ങൾക്കരികിൽ
ആകാശഗംഗതേടിയൊഴുകിയ
പേടകങ്ങളിൽതട്ടിയുടഞ്ഞ
സത്യവുമൊരോർമ്മയായി മായുന്നുവോ...
പ്രാചീനതയുടെ കോട്ടമതിലിലും
സന്ധാവിളക്കിനരികിലും
മഞ്ഞു തൂവുന്നു ശിശിരം
ചുറ്റിലെ വലയങ്ങളുമുറയാൻ
തുടങ്ങിയിരിക്കുന്നു...

1 comment: