നിറം മങ്ങിയമുകിൽമുടിയിൽ
നിന്നും മഴയൊഴുകീ
മുഖപടമണിഞ്ഞു വന്നു
പ്രഭാതങ്ങൾ
നിറമാല തൊഴുതു മടങ്ങിയ
മനസ്സിൽ കുളിർ തൂവിയൊഴുകീ മഴ
നടക്കാവിലെയുദ്യാനത്തിലിരുന്നു ഞാനും
മഴയൊഴുകിയെന്നെ വന്നു തഴുകീ
പൊന്നൂഞ്ഞാലിരുന്നു സ്വപ്നം
നെയ്ത കാറ്റിന്റെ ചിറകിലെ
കാറ്റു പോൽ മറയുന്ന കാലവും
കാലം തീർത്ത
കൽമതിൽക്കെട്ടിന്നുള്ളിലുറങ്ങും
ഭയാനക മൗനവും കടന്നു
ഞാനെത്തിയ സോപാനത്തിലുണരും
കൽഹാരങ്ങളുപസംഹരിക്കുന്ന
സഹസ്രനാമങ്ങളിൽ
ചന്ദനം നിറയുമ്പോൾ
മഴയിൽ മുങ്ങിക്കുളിച്ചെത്തിയ മൗനം
തിരുനടയിൽ വാക്കായ്
വീണ്ടുമുണരുന്നതു കണ്ടു...
No comments:
Post a Comment