Friday, July 30, 2010

വേനൽക്കാലം
 ഒരു ശൈത്യകാലത്തിന്റെ
മരവിക്കുന്ന മരണത്തിന്റെ
ഗന്ധമുറങ്ങിയ
പുലർകാലവും കടന്നു
ധനുമാസമകലുമ്പോൾ
ആകാശലോകം കടന്നുപോയ
ആത്മനൊമ്പരങ്ങളുടെ
അവസാനവചനങ്ങളിൽ
മഞ്ഞുതുള്ളിപോലെ
ഒരു കവിതയുണർന്നു
ആ ഹിമബിന്ദുക്കളെ
മനസ്സിൽ ഭദ്രമായ് സൂക്ഷിക്കാൻ
ശ്രമിക്കുമ്പോൾ
പിന്നിൽ കൂടി നിഴലുകൾ,
കരിമുകിലുകൾ,
എല്ലാമൊതുക്കിയ ഭൂമി
അന്നു ഭ്രമണപഥത്തിലുലഞ്ഞു
പർവതങ്ങൾ കുലുങ്ങി
സമുദ്രങ്ങൾ ചക്രവാളത്തോളമുയർന്നു
അപ്പോഴും ഭൂമി ആ മഞ്ഞുതുള്ളികൾ
ഒരു കടൽചിപ്പിയിൽ ഭദ്രമായി സൂക്ഷിച്ചു.

No comments:

Post a Comment