അഴിമുഖങ്ങളിൽ നിന്നുമാകാശത്തേയ്ക്കുള്ള
ദൈർഘ്യമളക്കുന്ന തിരകൾക്കപ്പുറം
പ്രളയജലം സൂക്ഷിക്കാനാവാതെ
കടലിലേയ്ക്കൊഴുകിപ്പോകുന്ന
നദിയുടെ യാത്രകണ്ടുനിൽക്കുന്ന
മുകിലുകൾക്കപ്പുറം
കഥയെഴുതി കാലഹരണപ്പെട്ട
ദിനരാത്രങ്ങളുടെ
ഔപചാരികതയിൽ നിന്നകന്ന്
മഴയൊഴുകുന്ന ആറ്റിറമ്പിലിരുന്ന്
കടലാസുതോണികളിൽ
പൂക്കളൊഴുക്കുന്ന
ബാല്യം എഴുതി നീട്ടിയ അക്ഷരത്തെറ്റുകൾ
മനസ്സിലിന്നും കൗതുകകരമായ
ഒരോർമയായി തുമ്പപൂവുണരുന്ന
തൊടിയിൽ ഊഞ്ഞാൽപ്പടിയിലിരുന്ന്
ആകാശഗോപുരങ്ങളിലേയ്ക്ക്
പറന്നുയരുന്നു.
No comments:
Post a Comment