അസ്പർശ്യം
അസ്പർശ്യമായ ആകാശമേ!!!
നിന്നിൽ നിന്നുണരുന്ന സൂര്യോദയത്തിനരികിൽ
ആരുടെയും അവകാശമുദ്രകളുണ്ടായിരുന്നില്ല
കാർമേഘാവൃതമായ ഇന്നത്തെ
ആകാശത്തിനരികിൽ
ഒഴുകുന്നു തിരയൊടുങ്ങാത്ത സമുദ്രം
ആരൊക്കയോ വിഭജിച്ചെടുത്ത പ്രപഞ്ചത്തിന്റെ
അവകാശമുദ്രകൾക്കരികിൽ
അടയാളവാക്യങ്ങൾക്കരികിൽ
ആരവമുയർത്തുന്ന കൊടിക്കൂറകൾ പാറുന്ന
ചക്രവാളസീമയിൽ വേലിയേറ്റത്തിലൊഴുകിയ
കോടാനുകോടി മണൽത്തരികൾ
എണ്ണിത്തീർക്കാൻ ശ്രമിക്കുന്ന
ആത്മാക്കളുടെയരികിൽ
പൂഴിമണൽ വാരിക്കളിക്കുന്ന നിഴലുകളിൽ
വേരാഴ്ത്തി ഒരു വൃക്ഷവും പൂക്കാലങ്ങൾ
മായ്ച്ചിരുന്നില്ല
അസ്പർശമായ ആകാശമേ
നക്ഷത്രമിഴിയിൽ സ്വപ്നങ്ങളുമായ്
വാക്കുകളുണരുമ്പോൾ
അതിർരേഖകളിലെ ആത്മസംഘർഷം
ചക്രവാളത്തിനരികിലും അസ്പർശ്യമാകുന്നു
No comments:
Post a Comment