നിറങ്ങൾ മിന്നിയാടിയ
പൂക്കാലങ്ങളിൽ നിന്നുയിർക്കൊണ്ട
പ്രത്യാശയുടെ സ്വർണ്ണഖനികളിൽ
ഖനനം ചെയ്തെടുത്ത തങ്കനൂലുകൾ
വിരൽതുമ്പിൽ മൃദുവായിയുണർത്തിയ
വാക്കുകൾ പർവതഗുഹകളിലെ
മൗനവും കടന്ന് മണൽക്കാടുകൾ താണ്ടി
ഉപദ്വീപിലെ സംഗമതീർഥങ്ങൾ
ശിരസ്സിലേറ്റി സ്വപ്നങ്ങൾ വിരിയുന്ന
കായൽക്കരയിലെ കാറ്റിൽ
ദിനരാത്രങ്ങളുടെ എഴുതിമാറ്റാനാവാത്ത
വിഹ്വലതകളിൽ മഷിയിറ്റു വീഴ്ത്തുന്ന
അനിശ്ചിതരേഖകളിൽ വീണുടയാതെ
ഉണരാൻ വൈകിയ മഴതുള്ളികൾ തേടി
കാലമെഴുതിയ കല്പനകളിൽ
നനുത്ത മഞ്ഞുതുള്ളികൾ പോലെ
കവിതവിരിയുന്നതും കണ്ടിരുന്നു..
No comments:
Post a Comment